
ചാരുംമൂട്: മുറ്റത്തെ കിണറ്റിൽ തിരയിളക്കം കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിൽ. താമരക്കുളം മേക്കുംമുറി തേവലശ്ശേരിൽ ഇല്ലത്ത് ഗിരീഷ് നമ്പൂതിരിയുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ തിരയിളക്കം കണ്ടത്.
45 വർഷത്തോളം പഴക്കമുള്ള കിണറ്റിൽ ആദ്യം 21 തൊടികളാണ് ഉണ്ടായിരുന്നത്. എന്നാൽ വെള്ളം കിട്ടാതെ വന്നതോടെ പിന്നീട് 82 റിംഗുകളും ഇറക്കിയിരുന്നു. ഇതിനാൽ കിണറിന് വളരെ ആഴമുണ്ട്. സാധാരണയായി എല്ലാവർഷവും ഈ സമയം കിണർ വറ്റേണ്ടതാണ്. എന്നാൽ ഈ വർഷം ഇതുവരെ കിണർ വറ്റിയിട്ടില്ല.
രണ്ടാഴ്ച മുമ്പു വരെയും കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നു. പിന്നീടാണ് കിണറിൽ തിരയിളക്കം കാണാൻ കഴിഞ്ഞത്. ഒരു ഭാഗത്തുകൂടി വെള്ളം ശക്തമായി ഒഴുകിയിറങ്ങുന്നതും കാണാം. തിരയിളക്കത്തിനൊപ്പം ചിലപ്പോൾ ഉച്ചത്തിൽ ശബ്‍ദം കേള്‍ക്കാമെന്നും ഗിരീഷിന്‍റെ ഭാര്യ ഗായത്രി ശർമ്മ പറഞ്ഞു.
കിണറ്റിലെ വെള്ളം ഇപ്പോൾ ഉപയോഗശൂന്യമാണ്. ചെളി നിറഞ്ഞ കലക്കവെള്ളമാണ് ഇപ്പോൾ കിട്ടുന്നത്. അതിനാൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. കിണറ്റിലെ തിരയിളക്കത്തെ കുറിച്ച് വീട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam