
കൽപ്പറ്റ: കാടുമൂടി കിടന്നതോടെ സാമൂഹിക വിരുദ്ധർ താവളമാക്കിയ വയനാട് അമ്പലവയലിലെ സർക്കാർ ക്വാർട്ടേഴ്സുകളിൽ ജില്ലാ ഭരണകൂടത്തിന്‍റെ പരിശോധന. നഗരത്തിനോട് ചേർന്ന് കിടക്കുന്ന കെട്ടിടങ്ങളിലാണ് എഡിഎമിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചത്. അധികൃതർ തിരിഞ്ഞു നോക്കാത്തിനാൽ കെട്ടിടം നശിക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഡിഎം പരിശോധനയ്ക്കെത്തിയത്.
അമ്പലവയൽ നഗരത്തിനോട് ചേർന്നും സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്തുമുള്ള കെട്ടിടങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്. എംഡിഎം നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. വിശദ റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടി സ്വീകരിക്കുമെന്ന് എഡിഎം വ്യക്തമാക്കി. ക്വാർട്ടേഴ്സുകളിൽ ഭൂരിഭാഗവും റവന്യൂ ഭൂമിയിലാണ്. കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റേയും പൊലീസിന്‍റേയും റവന്യൂവകുപ്പിന്‍റേയും കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നീണ്ടകാലമായി ആരും തിരിഞ്ഞ് നോക്കാത്തതിനാൽ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകളുമുണ്ട്, കാടുകയറിയിട്ടുണ്ട്.
ചില കെട്ടിടങ്ങള്‍ ചിതല് കേറി നശിച്ച മട്ടാണ്. ആളൊഴിഞ്ഞ കെട്ടിടം ലഹരിയുപയോഗ കേന്ദ്രമായതോടെ നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയ്ക്കെത്തിയത്. ഒരുപാട് ടൂറിസം കേന്ദ്രങ്ങളുള്ള അമ്പലവയലിൽ ഈ കെട്ടിടങ്ങൾ താമസ സൌകര്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. ഗ്രാമപഞ്ചായത്ത് ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല നടപടിയുണ്ടായില്ല.
ആളനക്കമില്ലാത്ത കെട്ടിടങ്ങള്‍ മയക്കുമരുന്ന് സംഘത്തിന്‍റെ പിടിയിലായതോടെ നാട്ടുകാരും ബുദ്ധിമുട്ടിലായിരുന്നു. ഒടുവിൽ പ്രശ്നത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധ പതിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തദ്ദേശ ജനപ്രതിനിധികൾ പറഞ്ഞു. ടൂറിസമടക്കം ജില്ലയുടെ വികസനത്തിന് ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനാകും, ജില്ലാ ഭരണകൂടം അതിനായി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.അഫ്സത്ത് പറഞ്ഞു.
Read More : ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam