
കൽപ്പറ്റ: വയനാട് ഡിസിസി ജനറൽസെക്രട്ടറി പി എം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നുള്ള വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് സുധാകരന്‍റെ കൂടുമാറ്റം. തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധി രാഹുലെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കൽപ്പറ്റ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം ചോദിച്ചു.
അഞ്ച് വർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയാറാണോയെന്നും സുധാകരൻ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായിട്ടാണ് ബിജെപിയിൽ ചേരുന്നത്. ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി.
നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ.സുരേന്ദ്രൻ വിജയിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്‍റെ നേട്ടം വയനാടിനായിരിക്കുമെന്നും പി എം സുധാകരൻ പറഞ്ഞു. റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടിപി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂന്ന് പേരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam