
കൽപ്പറ്റ : വയനാട് കൽപ്പറ്റ ബൈപ്പാസ് രണ്ടാഴ്ചക്കുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാഗ്ദാനം കടലാസിലൊതുങ്ങി. റോഡിന്‍റെ അറ്റകുറ്റപണി പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ ക്രിമനൽ കേസെടുക്കണമെന്ന മന്ത്രിയുടെ നിർദേശവും നടപ്പായില്ല. മന്ത്രി മുഹമ്മദ് റിയാസ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പറഞ്ഞ കൽപ്പറ്റ ബൈപ്പാസിന്റെ അവസ്ഥ ശോചനീയമാണ്. ജൂൺ 20നുള്ളിൽ അറ്റകുറ്റപണി പൂർത്തികരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുക്കുമെന്ന മന്ത്രിയുടെ മുന്നറിയിപ്പിനും പുല്ലുവില.
ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് നിർമാണം ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമെന്നാണ് യാത്രക്കാരുടെ പരാതി. കൽപ്പറ്റ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകേണ്ട മൂന്നരകിലോമീറ്റർ പാതയാണിങ്ങനെ സർക്കാരിന്റെ പിടിപ്പുകേട്കൊണ്ട് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam