
കൽപ്പറ്റ: വയനാട് ദുരന്ത മേഖലയില്‍ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേര്‍ക്ക് കണ്ണടകള്‍ വേണമെന്ന് കണ്ടെത്തി. അതില്‍ 34 പേര്‍ക്ക് കണ്ണട നല്‍കിയിട്ടുണ്ട്. ആവശ്യമായ മുഴുവന്‍ പേര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദഗ്ധ ചികിത്സയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനതല ജില്ലാതല ഉദ്യോഗസ്ഥര്‍ ചെക്ക് ലിസ്റ്റ് ഉറപ്പാക്കാന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കി വരുന്നു. 97 അംഗ ടീം 15 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 350 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 508 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 53 പേര്‍ക്ക് ഫാര്‍മക്കോ തെറാപ്പിയും നല്‍കി. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജെ.എച്ച്.ഐ., ജെ.പി.എച്ച്.എന്‍., എം.എല്‍.എസ്.പി., ഡി.സി.പി.ഒ., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തു.
ഉരുള്‍പൊട്ടലിൽ കണ്ടെത്തിയവരിൽ ഇതുവരെ 89 സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 225 മൃതദേഹങ്ങളും 193 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 414 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
Read More : അമീബിക് മസ്തിഷ്‌ക ജ്വരം: കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ഇങ്ങനെ, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam