മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Published : Mar 29, 2022, 12:15 PM IST
 മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Synopsis

പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിക്ഷേപിക്കാൻ ഇരുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കുടിക്കുന്ന കുപ്പികളുൾപ്പെടെ വലിച്ചെറിയുന്ന രീതിയാണ് കണ്ടുവരുന്നത്. 

കൽപ്പറ്റ: മാലിന്യം (Waste) കുമിഞ്ഞുകൂടി ആകെ വൃത്തികേടായ അവസ്ഥയിലാണ് (Wayanad Passes) വയനാടൻ ചുരങ്ങൾ. മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുന്ന നടപടി തടയാൻ ഇനിയും സംവിധാനങ്ങളില്ല. ആഭ്യന്തര സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്നയിടങ്ങളാണ് വയനാട്ടിലേക്കുള്ള ചുരങ്ങൾ. ഏറ്റവുമധികം സഞ്ചാരികളെത്തുന്നയിടം താമരശ്ശേരി ചുരമാണ്. ഇവിടുത്തെ വ്യൂ പോയിന്റിൽ പോലും മാലിന്യം നിറയുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിക്ഷേപിക്കാൻ ഇരുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കുടിക്കുന്ന കുപ്പികളുൾപ്പെടെ വലിച്ചെറിയുന്ന രീതിയാണ് കണ്ടുവരുന്നത്. 

അടിവാരം മുതൽ മുകളിൽ ഗേറ്റ് വരെ പാതക്കിരുവശവും മിനറൽ വാട്ടർ ബോട്ടിലുകളും പ്ലാസ്റ്റിക് കവറുകളും യാത്രക്കാർ വലിച്ചെറിഞ്ഞിട്ടുണ്ട്. വനം വകുപ്പിനാണ് ചുരം മാലിന്യമുക്തമായി സംരക്ഷിക്കേണ്ട പ്രധാന ചുമതല. എന്നാൽ വേണ്ടത്ര പരിശോധനകളോ നിയമലംഘകരെ കണ്ടെത്തിയുള്ള പിഴ ചുമത്തലോ നടക്കുന്നില്ല. അടിവാരം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ചുരം സംരക്ഷണ സമിതി'യെന്ന സന്നദ്ധ കൂട്ടായ്മ ചുരം ശുചീകരിക്കാൻ ഒരുക്കമാണെങ്കിലും വൃത്തി നിലനിർത്താൻ അധികൃതരുടെ നിരന്തര ഇടപെടൽ വേണ്ടി വരുമെന്ന് ഇവർ‌ പറയുന്നു. മഴ വെള്ളം ഒഴുക്കി കളയാനായി ചുരം റോഡിന് വശങ്ങളിലായി നിർമ്മിച്ച ചാലുകളിൽ മാലിന്യം തള്ളുന്ന യാത്രക്കാരുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 
അതുപോലെ മാലിന്യം തള്ളൽ ജന്തുക്കൾക്കും ഭീഷണിയാണ്. ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റികും ഇവിടെയുള്ള കുരങ്ങുകളുടെ ഉള്ളിലെത്തുന്നതായി നാട്ടുകാർ പറയുന്നു. ആവശ്യത്തിന് ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ചാൽ ക്രമേണയെങ്കിലും മാലിന്യം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം.

വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യച്ചുരത്തിന്റെ കാര്യവും മറിച്ചല്ല. ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. ചുരം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പലരും ചാക്കുകണക്കിന് മാലിന്യം ചുരത്തിലെത്തിച്ച് ആഴമുള്ള ഭാഗങ്ങളിലേക്ക് വലിച്ചെറിയുന്നത്. അറവുമാലിന്യവും ഇത്തരത്തിൽ തള്ളുന്നുണ്ട്. കബനിനദിയുടെ ഉത്ഭവസ്ഥാനമായ ഇവിടെയുള്ള അരുവി അറവുമാലിന്യം കാരണം മലിനീകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വന്യജീവികളും പട്ടികളും ചാക്കിൽനിന്ന് ഇവ കടിച്ചുവലിച്ച് പുറത്തേക്കിടുന്നതുകൊണ്ട് ചുരം മുഴുവൻ ദുർഗന്ധം വമിക്കുന്നുണ്ട്. മാലിന്യം കലർന്ന വെള്ളമാണ് വന്യമൃഗങ്ങൾ കുടിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും ചുരം ഭാഗങ്ങളിൽ തള്ളുന്നുണ്ട്.

പേര്യ 34 മുതൽ ചന്ദനത്തോടുവരെയുള്ള ഭാഗത്താണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ചപ്പുചവറുകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ മാത്രമാണ് റോഡിനിരുഭാഗത്തും കാണാനാവുക. രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. വനപ്രദേശത്ത് മാലിന്യം തള്ളരുതെന്ന് വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വർഷവും ലോഡ് കണക്കിന് മാലിന്യമാണ് പരിസ്ഥിതിസംഘടനകളുടെ സഹകരണത്തോടെ വനംവകുപ്പ് ഈ പ്രദേശത്തുനിന്ന് നീക്കുന്നത്. രാത്രി ചുരത്തിൽ വാഹനങ്ങൾ കുറയുന്നതും കൃത്യമായ പരിശോധനയില്ലാത്തതുമാണ് മാലിന്യം വലിയ തോതിൽ തള്ളാൻ കാരണം. വീതികുറഞ്ഞ റോഡും കൊടുംവളവുകളും തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളുമെല്ലാം മാലിന്യം തള്ളുന്നവർക്ക് അനുകൂല ഘടകങ്ങളാണ്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണില്‍പ്പെട്ടവര്‍ക്കാര്‍ക്കും രക്ഷയില്ല, ഓടിനടന്ന് ആക്രമണം, ബദിയടുക്കയിൽ 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ