റോഡും ജീവന് സുരക്ഷയും വേണം; സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് നടുവില്‍മുറ്റം കോളനിവാസികൾ

Web Desk   | Asianet News
Published : Mar 23, 2021, 08:47 PM IST
റോഡും ജീവന് സുരക്ഷയും വേണം; സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് നടുവില്‍മുറ്റം കോളനിവാസികൾ

Synopsis

വികസനപ്പെരുമഴയെന്ന് മണ്ഡലം ഭരിച്ച മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ മാനന്തവാടി മണ്ഡലത്തിലുള്‍പ്പെടുന്ന ഈ കോളനിയിലേക്ക് എത്തിപ്പെടാന്‍ പോലും മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കുമായിട്ടില്ല. 

കല്‍പ്പറ്റ: മഴക്കാലത്തും സഞ്ചാരയോഗ്യമായ ഒരു റോഡ് വേണം. പിന്നെ ആനയും കടുവയും വീട്ടുമുറ്റത്ത് എത്താതെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. വോട്ട് ചോദിച്ച് പനമരം പഞ്ചായത്തിലെ നീര്‍വാരം നടുവില്‍ മുറ്റം കോളനിയിലെത്തുന്ന സ്ഥാനാര്‍ഥികളോട് ഇവിടെയുള്ളവര്‍ പറയാനുള്ള പ്രധാന പരാതി ഇതുതന്നെയാണ്. 

വര്‍ഷങ്ങളായി തങ്ങളുടെ പരാതികള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും ഈ കുറിച്ച്യകോളനിയിലെ താമസക്കാര്‍ പറയുന്നു. പനമരം നീര്‍വാരത്ത് നിന്ന് മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുവേണം കോളനിയിലെത്താന്‍. ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ട് ചോദിക്കാന്‍ മാത്രമാണ് പുറത്തുനിന്നുള്ളവര്‍ കോളനിയിലെത്തുന്നത്. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ മഴക്കാലങ്ങളില്‍ കാല്‍നടയാത്ര പോലും ശ്രമകരമാണ്. 

പതിനെട്ട് കുടുംബങ്ങളിലായി അമ്പതിലധികം പേരാണ് കോളനിയിലുള്ളത്. ശരിയായ റോഡില്ലാത്തതിനാല്‍ മഴക്കാലങ്ങളില്‍ രോഗികകളെ കൊണ്ടുപോകുന്നത് ജീവന്‍ പണയം വെച്ചാണ്. കടുവകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണെന്ന് കോളനിവാസികള്‍ പറയുന്നു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് വൈദ്യുതി വേലി പോലും സ്ഥാപിച്ചിട്ടില്ല. 

വികസനപ്പെരുമഴയെന്ന് മണ്ഡലം ഭരിച്ച മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ മാനന്തവാടി മണ്ഡലത്തിലുള്‍പ്പെടുന്ന ഈ കോളനിയിലേക്ക് എത്തിപ്പെടാന്‍ പോലും മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കുമായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പി.കെ. ജയലക്ഷ്മി അടക്കമുള്ളവര്‍ റോഡ് ടാറിങ് നടത്തുമെന്ന് വാഗ്ദാനം നല്‍കി പോയതല്ലാതെ മന്ത്രി ആയതിനുശേഷം കോളനിയിലേക്ക് വന്നില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. 

ഇത്തവണ ജയലക്ഷ്മി വോട്ട് അഭ്യാര്‍ഥിച്ച് കോളനിയിലെത്തിയാല്‍ ചോദ്യം ചെയ്യാനിരിക്കുകയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍. കഴിഞ്ഞ ദിവസം ഇവിടെ വോട്ട് അഭ്യര്‍ഥിച്ച ബി.ജെ.പി സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറക്ക് മുമ്പിലും കോളനിവാസികള്‍ക്ക് പറയാനുണ്ടായിരുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് മാത്രമായിരുന്നു. 

പി.കെ. ജയലക്ഷ്മി മന്ത്രിയായ തെരഞ്ഞെടുപ്പില്‍ ഇവിടെ എത്തി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി കോളനിക്കാര്‍ പറയുന്നു. എന്നാല്‍ മന്ത്രിയായ ജയലക്ഷ്മി കാര്‍ വരില്ലെന്ന കാരണം പറഞ്ഞ് പിന്നീട് ഇവിടേക്ക് വന്നതേയില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍