
ഏലപ്പാറ: ഇടുക്കി ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ചികിത്സാലയം ആരോഗ്യ വകുപ്പ് അടപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശി പ്രൊവേശ് ബുയ്യയാണ് മതിയായ യോഗ്യതയില്ലാതെ അലോപ്പതി ചികിത്സയുൾപ്പെടെ നടത്തിയിരുന്നത്. പ്രൊവേശ് ബുയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ മുസ്ളീം പള്ളി ജംഗഷന് സമീപം ചെമ്മണ്ണ് റോഡിൽ വാടക കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന സ്വകാര്യ ചികിത്സാലയമാണ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിച്ചത്.
ക്ലിക്കിനെതിരെ നിരവധി പരാതികൾ ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നു. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിലാണ് പശ്ചിമ ബംഗാൾ സ്വദേശി പ്രൊവേശ് ഈ കേന്ദ്രം നടത്തിയിരുന്നത്. എന്നാൽ കുട്ടികൾക്ക് അടക്കം അലോപ്പതി മരുന്നുകളും ഇൻജക്ക്ഷൻ, ട്രിപ്പ് തുടങ്ങിയവയും നൽകുന്നതായി ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചു. അന്യ സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ ചികിത്സ തേടിയെത്തിയിരുന്നവരിൽ അധികവും. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരം ചികിത്സ നടത്താൻ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.
പരിശോധനയിൽ വിവിധ അസുഖങ്ങൾക്കുള്ള അലോപ്പതി മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ചുകളും ട്രിപ് ഇടാനുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തി. ഇവിടെ നിന്നും ചികിത്സ തേടിയ ആർക്കെങ്കിലും അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഏലപ്പാറ സർക്കാർ ആശുപതിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Read More : ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ