
തൃശൂർ: പുന്നയൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചാം വാർഡ് അംഗവും യു.ഡി.എഫ്. നേതാവുമായ ചമ്മിണിയിൽ രതീഷിന്റെ വീട്ടിലാണ് മൂന്നംഗ സംഘം അതിക്രമം അഴിച്ചുവിട്ടത്. പ്രദേശവാസികളായ മുത്തുസ്വാമി, രതീഷ്, വിഷ്ണു എന്നിവർക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
പ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വെള്ളം തുറന്നുവിട്ടില്ലെന്ന് ആരോപിച്ചാണ് ഉപഭോക്താക്കളെന്ന് അവകാശപ്പെട്ട് എത്തിയവർ വീട്ടിൽ അതിക്രമം കാണിച്ചത്. അക്രമത്തിൽ വീട്ടിലെ കസേരകളും ചെടിച്ചട്ടികളും സംഘം തകർത്തു.
സംഭവസമയത്ത് രതീഷിന്റെ ഭാര്യ സിനിയും പത്തു വയസ്സുകാരിയായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികൾ വീടിന്റെ മുൻവാതിൽ ബലമായി തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ വീട്ടുകാർ പിൻവാതിലിലൂടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മകളുടെ കാലിന് പരിക്കേറ്റു.
സംഭവത്തിൽ പഞ്ചായത്ത് അംഗം രതീഷ് നൽകിയ പരാതിയിലാണ് വടക്കേക്കാട് പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. പുന്നയൂർ അഞ്ചാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് രതീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രതിനിധിയുടെ വീട്ടിൽ കയറി കുടുംബത്തിനുനേരെ നടത്തിയ അതിക്രമത്തിൽ പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam