രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്ത് കൊണ്ട് പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്ന് രാമചന്ദ്രഗുഹ

By Web TeamFirst Published May 18, 2019, 10:04 AM IST
Highlights

'വിവേകശൂന്യമായ രീതിയിൽ പരിസ്ഥിതിയോട് പെരുമാറിയതിന്‍റെ ഒന്നാമത്തെ കേരള ഉദാഹരണമാണ് കേരളത്തിലുണ്ടായ പ്രളയം' രാമചന്ദ്രഗുഹ പറഞ്ഞു

പത്തനംതിട്ട: ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പത്തനംതിട്ടയിൽ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"വിവേകശൂന്യമായ രീതിയിൽ പരിസ്ഥിതിയോട് പെരുമാറിയതിന്‍റെ ഒന്നാമത്തെ കേരള ഉദാഹരണമാണ് കേരളത്തിലുണ്ടായ പ്രളയം. വിദ്യാസമ്പന്നരായ മലയാളികൾ ഇടുങ്ങിയ ചിന്താഗതിയുമായി വികസനത്തിന് പിന്നാലെ പോകരുത്. ഭാവിക്കായി പരിസ്ഥിതി സമ്പത്ത് കാത്തുരക്ഷിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ടുകൾ പഠിച്ച് മുന്നോട്ട് പോകണം' രാമചന്ദ്രഗുഹ പറഞ്ഞു. 

പരിസ്ഥിതിയെ പരിധിയിൽ അധികം ചൂഷണം ചെയ്തതിന്‍റെ ഫലമാണ് കേരളത്തിലുണ്ടായ പ്രളയം. ദുരന്തങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനിറങ്ങുന്നവരെ വിദേശ ഏജന്‍റുമാരെന്ന് വിളിക്കുന്ന സ്ഥിതിയാണുള്ളതെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. പരിസ്ഥിതി സൗഹൃദത്തിൽ ഊന്നിയുള്ള വികസനമാണ് വേണ്ടത്. വികസനം, ജനാധിപത്യം, പരിസ്ഥിതി ഇന്ത്യൻ അനുഭവങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ തീര മേഖലകളുടെ സംരക്ഷണം, ഖരമാലിന്യത്തിൽ നിന്ന് ഊർജോത്പാദനം, അന്ധവിശ്വാസത്തിനെതിരെ നിയമ നിർമ്മാണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള പ്രമേയങ്ങൾ അവതരിപ്പിക്കും.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!