
പാമ്പാടി: പുതുപ്പള്ളിയിൽ എന്തിന് എൽഡിഎഫ് ജയിക്കണം എന്ന ചോദ്യത്തിന്‍റെ ഉത്തരങ്ങളിൽ ഒന്നാണ് പുതുപ്പള്ളിയിലെ സർക്കാർ സ്‌കൂളുകളെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച കോൺഗ്രസ് കാലത്തു നിന്ന് ഏറെ മുന്നേറാൻ എല്‍ഡിഎഫ് കാലത്ത് സാധിച്ചിട്ടുണ്ട്. എല്ലാ സർക്കാർ സ്കൂളുകളും സ്മാർട്ടാക്കുമെന്ന വാഗ്ദാനം നിറവേറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സാധാരണക്കാരെ ചേർത്തുപിടിച്ച് മുന്നേറുകയാണ്.
പുതുപ്പള്ളിയിലെ സ്‌കൂളുകളിലും ഈ മാറ്റം കാണുകയാണ്. ഒരു നൂറ്റാണ്ടിന്റെ പൈതൃകത്തിന്റെ കഥകൾ പറയാനുള്ള സെന്റ് ജോർജ്സ് സ്‌കൂൾ യുഡിഎഫ് ഭരണകാലത്ത് എങ്ങനെ ആയിരുന്നുവെന്നും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇപ്പോൾ എങ്ങനെയാണ് എന്നതും പുതുപ്പള്ളി ജനത കൺമുന്നിൽ കണ്ട വികസന യാഥാർഥ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളങ്ങുന്ന മുഖങ്ങളായി പുതുപ്പള്ളിയിലെ എല്ലാ സ്‌കൂളുകളും മാറണം.
പുതുപ്പള്ളിയുടെ സമഗ്ര വികസനമാണ് എൽഡിഎഫ് ഉറപ്പ് നൽകുന്നതെന്നും ജെയ്ക്ക് പറഞ്ഞു. അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ തെളിഞ്ഞ് വരികയാണ്. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേരാണ് ഉള്ളത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്.
സൂക്ഷ്മമായി നോക്കി, മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയിൽ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് 7 പേർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം