
മലപ്പുറം: മലപ്പുറം നന്നമ്പ്രയിൽ യുവതിയേയും മകനേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് മൂന്നാഴ്ച്ചയായി. പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ ഭാര്യയേയും മകനേയും കണ്ടെത്താൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭര്‍ത്താവ്.
നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി രാജന്‍റെ ഭാര്യ ബിജിത, അഞ്ചാംക്ലാസുകാരനായ മകൻ എന്നിവരെയാണ് കാണാതായിട്ടുള്ളത്. കഴിഞ്ഞ മാസം ഇരുപതാം തിയ്യതി വൈകുന്നരത്തോടെയാണ് ഇരുവരേയും കാണാതാവുന്നത്. ആശാരിപ്പണിക്കാരനായ ഭര്‍ത്താവ് രാജൻ പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയേയും മകനേയും കാണാനില്ലെന്നറിഞ്ഞത്.
ഭാര്യവീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിവില്ലെന്നറിഞ്ഞതോടെ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബിജിതയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
വീടിന് സമീപത്തെ ഉണ്ണിയെന്നയാളാണ് ഭാര്യയേയും മകനേയും കൊണ്ടുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ രാജന് മനസിലായിട്ടുള്ളത്. നേരത്തേയും നാട്ടില്‍ നിന്ന് ചില യുവതികളെ ഉണ്ണി ഇത്തരത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് രാജൻ പറഞ്ഞു. ഭാര്യയേയും മകനേയും ഇയാള്‍ അപകടത്തില്‍പെടുത്തിയിട്ടുണ്ടോയെന്ന ആശങ്കയും രാജനുണ്ട്.
പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് രാജൻ.എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വൈകാതെ കണ്ടെത്താനാവുമെന്നാണ് പ്രതിക്ഷയെന്നും താനൂര്‍ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam