
കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. പകല്‍പോലും കാട്ടാനയും കടുവയും പുലിയും നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കി. കടുവയും പുലിയും കാട്ടാനയുമെല്ലാം ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും പതിവുകാഴ്ചയാവുകയാണ് വയനാട്ടില്‍. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് കാടതിർത്തി ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്.
അധിനിവേശ പരിധി നിലനിർത്തി റോന്തുചുറ്റുന്ന കടുവകള്‍ ഇപ്പോള്‍ അതിർത്തിഗ്രാമങ്ങളിലെ സ്ഥിരം സന്ദർശകരായി. രണ്ടാഴ്ച മുന്‍പ് ചെതലിയം വനപരിധിയില്‍ ബൈക്ക് യാത്രക്കാരുടെ മുന്നില്‍പ്പെട്ട കടുവയും കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയില് ബസിന് മുന്നില്‍പെട്ട കടുവയും ഉള്‍ക്കാടുവിട്ട് ഇരതേടിയിറങ്ങിയതാണെന്നാണ് സൂചന. വടക്കനാട് ഗ്രാമത്തില്‍നിന്നുമാത്രം ഒരുമാസത്തിനിടെ രണ്ട് പുലികളെ വനംവകുപ്പ് പിടികൂടി.
വരള്‍ച്ചയും അധിനിവേശ സസ്യങ്ങളുടെ വർധനവും കാട്ടിനകത്ത് തീറ്റയില്ലാതാക്കിയതാണ് ആനകളെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയെ തുരത്താനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർപോലും പലപ്പോഴും തലനാരിഴയ്ക്കാണ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് വർഷംതോറും വനംവകുപ്പ് ചിലവഴിക്കുന്നത്. ഇതൊന്നും ഫലംകാണുന്നില്ലന്നാണ് നാട്ടുകാർ ആവർത്തിച്ച് പറയുന്നത്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam