
കല്‍പ്പറ്റ: കാട്ടുതീയും കടുത്ത വേനല്‍ച്ചൂടും കാരണം ജനവാസ പ്രദേശങ്ങളിലേക്ക് തീറ്റ തേടിയെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ആനകള്‍ കൂട്ടത്തോടെ എത്തി വിളകളും മറ്റും നശിപ്പിക്കുന്നത് നിസാഹയരായി നോക്കിനില്‍ക്കേണ്ട ഗതികേടാണ് ഏതാനും മാസങ്ങളായി വയനാട്ടിലെ പല പ്രദേശങ്ങളിലും. ആനകള്‍ക്ക് പുറമെ കടുവയും പുലിയും കൂടിയായതോടെ കൃഷിയിടങ്ങളിലേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടില്‍ പച്ചപ്പില്ലാതായതോടെ മാന്‍കൂട്ടങ്ങളും കാട്ടാടുകളും വനാതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ തീറ്റതേടിയിറങ്ങുകയാണ്. ഇവക്ക് പിന്നാലെ എത്തുന്ന കടുവയും പുലിയുമൊക്കെയാണ് തിരിച്ചുപോവാതെ തോട്ടങ്ങളില്‍ തന്നെ തമ്പടിക്കുന്നത്.
ഒരുമാസത്തിനുള്ളില്‍ നിരവധി തവണ ആനക്കൂട്ടമിറങ്ങി നാശംവിതച്ച ടൗണാണ് കേണിച്ചിറ. കേണിച്ചിറയുടെ ഉള്‍പ്രദേശങ്ങളിലാകട്ടെ ദിവസവും കാട്ടുമൃഗങ്ങള്‍ എത്തുന്നു. വേനല്‍ കടുത്തതോടെ കാട്ടിനുള്ളിലെ നീര്‍ച്ചാലുകള്‍ വറ്റിയതും പച്ചപ്പില്ലാതായതും മൃഗങ്ങളുടെ കാടിറങ്ങലിന് ആക്കം കൂട്ടി. വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട വനത്തിനുള്ളില്‍ നിരവധിയിടങ്ങളില്‍ ഉണ്ടായ കാട്ടുതീ ഏക്കറുകളോളം സ്ഥലത്തെ പച്ചപ്പും ജൈവസമ്പത്തുമാണ് ഇല്ലാതാക്കിയത്. പലയിടത്തും നാട്ടുകാര്‍ തന്നെ കാടിന് തീവെച്ചെന്നാണ് വനംവകുപ്പിന്റെ ആരോപണം.
മടക്കിമലയില്‍ വീണ്ടും പുലിയറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച്ചയായി മടക്കിമല, വെള്ളമ്പാടി പ്രദേശങ്ങളില്‍ പുലിയിറങ്ങിയെന്ന ഭീതി നിലില്‍ക്കുകയാണ്. പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളുമാണ് ഉള്ളതെന്ന് ഇവയെ കണ്ടവര്‍ പറഞ്ഞു.പുല്‍പ്പള്ളിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. ചേപ്പില പൈക്കുടി കുഞ്ഞിരാമനാണ് പരിക്കേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പുല്‍പ്പള്ളിയിലെ തന്നെ ശശിമലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുല്ലശ്ശേരി സന്തോഷിന്റെ വാഴത്തോട്ടത്തിലെത്തിയ ആനകള്‍ നൂറോളം കുലച്ച വാഴകള്‍ നശിപ്പിച്ചാണ് മടങ്ങിയത്. കഴിഞ്ഞ ആഴ്ചയും ശശിമലയില്‍ ഒറ്റയാനെത്തി കൃഷി നശിപ്പിച്ചിരുന്നു.
വൈത്തിരിയില്‍ ആനശല്യം കുറഞ്ഞെങ്കിലും കടുവയിറങ്ങിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പഴയ വൈത്തിരി, വേങ്ങക്കോട് പ്രദേശങ്ങളിലാണ് കടുവയിറങ്ങിയിരിക്കുന്നത്. വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ വഴിയിലാണ് ആദ്യം കടുവയെ കണ്ടത്. വൈത്തിരിയില്‍ നിരവധി തേയിലത്തോട്ടങ്ങളുള്ളതിനാല്‍ പകല്‍സമയങ്ങളില്‍ പോലും കടുവക്ക് ഈ പ്രദേശത്ത് സ്വസ്ഥമായി വിഹരിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതിനിടെ കാടിന് തീവെച്ച സംഭവത്തില്‍ പ്രേരണക്കുറ്റം ചുമത്തി പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത സംഭവത്തില്‍ യു.ഡി.എഫ് രംഗത്ത് എത്തി. നൂല്‍പ്പുഴ പഞ്ചായത്ത് അംഗമായ ബെന്നി കൈനക്കലിനെതിരെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വടക്കനാട് അടക്കമുള്ള പ്രദേശങ്ങളില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മിതണമാണെന്ന ആരോപണത്തില്‍ വനംവകുപ്പ് ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam