
പത്തനംതിട്ട: കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. അടൂർ - പത്തനാപുരം പാതയിൽ മരുതിമൂട് പള്ളിക്ക് സമീപത്തായിരുന്നു അപകടം. കാട്ടുപന്നി അപകടസ്ഥലത്ത് വെച്ച് തന്നെ ചത്തു. സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. അതിനിടയിലാണ് കലഞ്ഞൂരിലെ അപകടം.
അയൽ ജില്ലയായ ഇടുക്കിയിൽ കാട്ടാനയടക്കം വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് വനം മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ മകൾക്ക് ജോലി നൽകുമെന്ന് വനം മന്ത്രി അറിയിച്ചു. റേഷൻ കട ആന തകർത്തതിനാൽ റേഷൻ വീടുകളിൽ എത്തിക്കാൻ സംവിധാനം ഉണ്ടാക്കും. ആനകളെ നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ ഉടൻ തുടങ്ങും.
വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് ജില്ലയിലെ പൊന്മുടി കോട്ടയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി അമ്പലവയൽ റോഡാണ് ഉപരോധിച്ചത്. രണ്ട് മാസം കഴിഞ്ഞിട്ടും വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയെ പിടികൂടാത്തതിലായിരുന്നു പ്രതിഷേധം. നിരവധി വാഹനങ്ങൾ ഉപരോധത്തിൽ കുടുങ്ങി കിടന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ പേർ പ്രതിഷേധത്തിനെത്തി.
കടുവയെ പിടികൂടാൻ 3 കൂടുകളും 8 നിരീക്ഷണ ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് പ്രദേശത്ത് നിന്ന് പിടികൂടിയ പെൺകടുവയുടെ രണ്ട് കുട്ടികളാണ് ജനവാസ മേഖലയിൽ തമ്പടിച്ചത്. പൊന്മുടി കോട്ടയിൽ പുലിയുടെ സാന്നിധ്യവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എസ്റ്റേറ്റുകളും പാറയിടുക്കുകളും നിറഞ്ഞ മേഖലയിൽ വന്യമൃഗങ്ങൾ ഒളിഞ്ഞിരിക്കുന്നതാണ് വനം വകുപ്പിന് വെല്ലുവിളിയാകുന്നത്. കടുവകളെ ഉടൻ പിടികൂടിയില്ലെങ്കിൽ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
അതേസമയം മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി. രാത്രി 11 ന് പുളിഞ്ചോട് സ്വദേശി മണികണ്ഠന്റെ വളർത്തുനായയെ പുലി പിടിച്ചു. ബഹളം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു. കഴുത്തിന് പുലിയുടെ കടിയേറ്റ നായ ചത്തു. തത്തേങ്ങലത്ത് ഇറങ്ങിയത് പുലി തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് പുലിയുടെ കാൽപാടുകൾ ഉള്ളതായി വനം വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇവിടെ നിന്നും കുറച്ചു ദൂരെയാണ് രണ്ടാഴ്ച മുമ്പ് തള്ളപ്പുലിയേയും കുട്ടികളേയും കണ്ടത്. വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam