
കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാളാട് ഇരുമനത്തൂരില്‍ കൃഷി നശിപ്പിച്ച് കാട്ടുപോത്തിന്‍ക്കൂട്ടം. ഭൂരിപക്ഷം ആളുകളും കൃഷിയില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്ന പ്രദേശമാണ് വാളാട് ഇരുമനത്തൂര്‍. വാഴയും കപ്പയും തുടങ്ങി കുറഞ്ഞ സമയം കൊണ്ട് വരുമാനം ഉണ്ടാക്കാവുന്ന കൃഷികളാണ് മേഖലയില്‍ ഏറെയും ഉള്ളത്. എന്നാല്‍ ഇവിടുത്തെ കര്‍ഷകര്‍ക്കിപ്പോള്‍ പറയാനുള്ളത് സങ്കടക്കഥകള്‍ മാത്രമാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലുള്‍പ്പെടുന്ന ഈ പ്രദേശത്തിപ്പോള്‍ രാവും പകലുമില്ലാതെ കാട്ടുപോത്തുകള്‍ വിഹരിക്കുകയാണ്.
പകല്‍പോലും എത്തുന്ന കാട്ടുപോത്തുകള്‍ വാഴയും കപ്പയും പച്ചക്കറികളുമടക്കം സകല വിളകളും നാശിപ്പിച്ചാണ് തിരിച്ചുപോകുന്നത്. പന്നിശല്യത്തിന് പുറമെയാണ് ഇപ്പോള്‍ കാട്ടുപോത്തുകളും കൃഷിയിടത്തിലെത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പരാതികള്‍ ഏറിയതോടെ വനംവകുപ്പിന്റെ വാച്ചര്‍മാര്‍ വൈകുന്നേരമായാല്‍ പ്രദേശത്ത് കാവലിന് എത്തുന്നുണ്ട്. എങ്കിലും അര്‍ധരാത്രിയാകുന്നതോടെ വാച്ചര്‍മാര്‍ തിരികെ പോകും. അര്‍ധരാത്രിക്ക് ശേഷം വന്യമൃഗങ്ങള്‍ കൃഷിയിടത്തിലെത്തുന്നത് തടയാന്‍ ജനങ്ങള്‍ തന്നെ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് തന്റെ വാഴത്തോട്ടം പൂര്‍ണമായും കാട്ടുപോത്തുകളെത്തി നശിപ്പിച്ചതെന്ന് കര്‍ഷകനായ അനിരുദ്ധന്‍ പറഞ്ഞു.
മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യമുണ്ട്. പകല്‍സമയങ്ങളില്‍ കൃഷിയിടങ്ങള്‍ ലക്ഷ്യമാക്കി എത്തുന്ന പോത്തുകളെ പേടിച്ച് കുട്ടികളെ പോലും പുറത്തുവിടാറില്ല. കൂട്ടമായി എത്തുന്ന കാട്ടുപോത്തുകള്‍ മണിക്കൂറുകളോളം പ്രദേശത്ത് തങ്ങിയ ശേഷമായിരിക്കും തിരികെ പോകുക. വനംവകുപ്പ് എത്തി കൃഷിയിടങ്ങളില്‍ നിന്ന് ഓടിച്ച് വിട്ടാലും കാപ്പിത്തോട്ടത്തിലും മറ്റുമായി ഇവ നിലയുറപ്പിക്കും.
കാടുകളിലേക്ക് തുരത്തിയാലും ആളുകള്‍ ഒഴിയുന്നതോടെ അന്ന് രാത്രിയോ അതിരാവിലെയോ ഇവ വീണ്ടുമെത്തുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടുപോത്തുകളുടെ ആക്രമണം ഭയന്ന് അതിരാവിലെ ആരും കൃഷിയിടത്തിലെത്താറില്ല. വളരെ വൈകി വരുമ്പോഴേക്കും കൃഷിയെല്ലാം നശിപ്പിച്ച കാഴ്ചയായിരിക്കും പലരും കാണുക. വന്യമൃഗശല്യം തടായന്‍ ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇവിടെ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam