പുതുക്കാട് ആനകളിറങ്ങി, 200ഓളം വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു; വ്യാപക കൃഷിനാശം, കർഷകർക്ക് ദുരിതം

Published : Oct 10, 2025, 07:57 PM IST
 wild elephant attack in Thrissur

Synopsis

തുടർച്ചയായ ആനശല്യവും മുൻപുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും കാരണം കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.

തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. നാല് ആനകളാണ് പറമ്പുകളില്‍ എത്തിയത്. കൊട്ടിശ്ശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. വലിയ നഷ്ടമാണ് കര്‍ഷകന് സംഭവിച്ചത്. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില്‍ എന്നിവരുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. പറമ്പുകളുടെ വേലിയും ആനകള്‍ തകര്‍ത്ത നിലയിലാണ്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.

ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറയുന്നു. ഓരോ വര്‍ഷവും ചെയ്യുന്ന വാഴകൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്താണ് ആനകളെത്തി നശിപ്പിക്കുന്നത്. നാലു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. പ്രദേശത്തുള്ളവരുടെ ഉപജീവനമായ കൃഷി ആനകളിറങ്ങി തുടര്‍ച്ചയായി നശിപ്പിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.ആനശല്യത്താല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്തേക്ക് കാട്ടാനകള്‍ എത്താതിരിക്കാന്‍ വനംവകുപ്പ് ഇടപെടണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം