
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റു. ചുരല്‍മല സ്‌കൂള്‍ റോഡ് പടവെട്ടിക്കുന്നിലെ പരേതനായ കുവന്റെ പടിക്കല്‍ ബാലന്റെ ഭാര്യ ലീല (55) യാണ് പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചിക്തസയിലുള്ളത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്.
മുണ്ടക്കൈ വനമേഖലയിലെ എട്ടാംനമ്പര്‍ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് ലീല. മറ്റു തൊഴിലാളികള്‍ അറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ച മുമ്പ് ലീലയുടെ പുരയിടത്തിലെത്തിയ കാട്ടാനകള്‍ സെപ്റ്റിക് ടാങ്ക് അടക്കമുള്ളവ തകര്‍ത്ത് നാശനഷ്ടം വരുത്തിയിരുന്നു.
അതേ സമയം വാഹനമെത്താത്ത മേഖലയായതിനാല്‍ മൂന്നുകിലോമീറ്റര്‍ ദൂരം ചുമന്നാണ് ലീലയെ പ്രധാന റോഡിലെത്തിച്ചത്. അത്യഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ലീലയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കൂടാതെ നട്ടെല്ലിനും ക്ഷതമുണ്ട്.
കഴിഞ്ഞ മാസം രണ്ടിന് നടവയല്‍ നെയ്ക്കുപ്പയില്‍ 48-കാരി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവിയെ അന്ന് വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. അതിനിടെ പരിക്കേറ്റ സ്ത്രീയ നിയുക്ത എംഎല്‍എ ടി സിദ്ധിഖ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വനമേഖലകളില്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam