നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി: മതില്‍ തകര്‍ത്തു, സ്കൂട്ടര്‍ കുത്തിമറിച്ചിട്ടു, യുവാവിനെ ആക്രമിച്ചു

By Web TeamFirst Published Jan 17, 2021, 7:49 PM IST
Highlights

നിലമ്പൂർ വനത്തിൽ നിന്ന്  മാനവേദൻ സ്‌കൂളിന് സമീപത്തിലൂടെ എത്തിയ ഒറ്റക്കൊമ്പൻ അന്തർ സംസ്ഥാന പാതയായ കെ എൻ ജി റോഡ് മുറിച്ച് കടന്ന് വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി. 

നിലമ്പൂർ: നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി. ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വനംവകുപ്പ് കാര്യാലയത്തിന്റെയും
സ്വകാര്യ കെട്ടിടങ്ങളുടെയും മതിലുകളും നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്തു. ഞായറാഴ്ച പുലർച്ചെ ആറോടെയാണ് നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങിയത്. നിലമ്പൂർ എയ്ഞ്ച് ലാന്റ് വീട്ടിൽ ക്ലിസ്റ്റൻ (30)നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഇൻഫെന്റ് ജീസസ് ദേവാലയത്തിന് മുന്നിൽ നിന്നാണ് ക്ലിസ്റ്റൻ ആനയുടെ അക്രമത്തിനിരയായത്. നിലമ്പൂർ വനത്തിൽ നിന്ന്  മാനവേദൻ സ്‌കൂളിന് സമീപത്തിലൂടെ എത്തിയ ഒറ്റക്കൊമ്പൻ അന്തർ സംസ്ഥാന പാതയായ കെ എൻ ജി റോഡ് മുറിച്ച് കടന്ന് വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റിലൂടെ ഉള്ളിൽ കയറി. തുടർന്ന് വനം വകുപ്പിന്റെ കാര്യാലയത്തിന് പിൻഭാഗത്തെ ഗേറ്റ് ചവിട്ടി പൊളിച്ച് വീട്ടിക്കുത്ത് റോഡിലേക്ക് എത്തി. 

അതിനിടെ നിലമ്പൂർ സ്വദേശിയായ രാജീവ് ആനയുടെ മുന്നിൽപ്പെട്ടു. ആനയെ കണ്ട് ഓടിയ രാജീവിന് പിന്നാലെ ആനയും ഒപ്പം കൂടി. മത്സ്യ മാർക്കറ്റിന്റെ ഭാഗത്തേക്ക് എത്തിയപ്പോൾ മാർക്കറ്റിലുള്ളവർ ബഹളം വെച്ചതോടെ ആന  മിനി ബൈപ്പാസ് വഴി ക്ലാസിക്ക് കോളേജ് റോഡിൽ പ്രവേശിച്ചു. ഇവിടെ നിന്നാണ്  ഇൻഫെന്റ് ദേവാലയത്തിന്റെ മുന്നിലെത്തിയത്. ദേവാലയമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിസ്റ്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ തുമ്പിക്കൈക്കാണ്ട് സ്‌കൂട്ടർ മറിച്ചിടുകയായിരുന്നു. 

ആന  വീണ്ടും അക്രമിക്കാൻ ഒരുങ്ങിയപ്പോൾ ദേവാലയത്തിലെത്തിയ ആളുകൾ ബഹളം വെച്ചു. ഇതോടെ ആന നിലമ്പൂർ ഒ സി കെ ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കെത്തി. നാട്ടുകാർ വിവരം അറിയിച്ചതോടെ ആർ ആർ ടി ടീം, നിലമ്പൂർ നോർത്ത് ഡി എഫ് ഒ മാർട്ടിൻ ലോവൽ എന്നിവരും സ്ഥലത്തെത്തി. തുടർന്ന് 8.15 ഓടെ ആനയെ കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

click me!