
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം പതിവ് കാഴ്ചയാവുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ ഒരു ഭാഗം തകര്‍ത്തു. ഇവിടെ ഒരു വീട്ടുവളപ്പില്‍ കടന്നു കയറിയ ആനയുടെ ആക്രമണത്തില്‍ വീട്ടുകാരുടെ പശു ചത്തു. വിളഞ്ഞിപുലാന്‍ വി.പി. സെയ്തലവിയുടെ പശുവിനെ വീടിന് സമീപം കെട്ടിയിട്ടതായിരുന്നു. വീട്ടുകാര്‍ ഉറക്കത്തിലായതിനാല്‍ സംഭവം അറിഞ്ഞില്ല.
രാവിലെയാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. ആന പശുവിനെ ചിവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശത്ത് തന്നെയുള്ള പി.വി.എസ് എസ്റ്റേറ്റ് ജീവനക്കാരി ജാന്‍സിയുടെ ഓടിട്ട വീടിന്റെ ഒരു ഭാഗമാണ് ആന തകര്‍ത്തത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ജാന്‍സിയുടെ വീടിന് സമീപം ആന എത്തിയത്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വിവരമറിഞ്ഞ് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. വീടിന്റെ തകര്‍ന്ന ഭാഗം ഉദ്യോഗസ്ഥര്‍ തന്നെ അറ്റകുറ്റപ്പണി നടത്തിനല്‍കി. പശുവിനെ നഷ്ടപ്പെട്ട സൈതലവിക്ക് നഷ്ടപരിഹാരം നല്‍കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. അന്നും വീടുകളും വാഹനങ്ങളും ആനകള്‍ തകര്‍ത്തിരുന്നു. വൈദ്യുതി വേലി, കിടങ്ങ് എന്നിവ ഇല്ലാത്തയിടങ്ങളിലൂടെ ഇറങ്ങുന്ന കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ജനവാസ പ്രദേശങ്ങളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങളായിട്ടും പ്രശ്‌നത്തില്‍ പരിഹാരമില്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. അതേ സമയം കാട് പച്ചപ്പണിഞ്ഞിട്ടും തീറ്റത്തേടി ആനകള്‍ നാട്ടിലിറങ്ങുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കുന്നുണ്ട്. രാത്രി ഏറെ വൈകിയായിരിക്കും ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കം നാട്ടുകാരുടെ വിളി എത്തുക. ജീവന്‍ പണയം വെച്ചാണ് വനം വാച്ചര്‍മാരും ഉദ്യോഗസ്ഥരും ആനകളെ തിരിച്ച് കാട് കയറ്റുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam