
നിലമ്പൂര്‍: തമിഴ്‌നാട്ടില്‍ നിന്നും നിലമ്പൂരിലെത്തിയ കൊമ്പനാന മുണ്ടേരി വനത്തില്‍ പരാക്രമണം തുടരുന്നു. കുമ്പളപ്പാറ കോളനിയിലെ മൂന്നോളം താല്‍ക്കാലിക ഷെഡുകള്‍ തകര്‍ത്തു. കൊമ്പനെ ഭയന്ന് ആദിവാസികള്‍ കോളനിവീടുകള്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് കൊമ്പന്‍ കോളനിയിലെ ടാര്‍പായ കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഡെഷുകള്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കൊമ്പന്‍ കോളനിയില്‍ നിന്നും പിന്‍വങ്ങിയത്. ഇപ്പോള്‍ കോളനിക്ക് സമീപംതന്നെ കൊമ്പന്‍ തമ്പടിച്ചിരിക്കുന്നത് ആദിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലയും കൊലയാളി കൊമ്പനെ നിരീക്ഷണം നടത്തിയിരുന്നു. കൊമ്പന്റെ സാന്നിധ്യം സംബന്ധിച്ച് തമിഴ്‌നാട് വനം വകുപ്പിന് വിവിരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 14ന് തമിഴ്‌നാട് പന്തല്ലൂരില്‍ വെച്ച് അച്ഛനേയും മകനേയും കുത്തിക്കൊന്ന ആനയെ അധികൃതര്‍ നിരീക്ഷിച്ചിരുക്കുന്നതിനിടെയാണ് ആന കേരളത്തിന്റെ വനഭാഗത്തേക്കെത്തിയത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രത്യേക ടീമെത്തി കേരള വനംവകുപ്പുമായി സഹകരിച്ച് ആനയെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതിനിടെ ദിവസങ്ങള്‍ക്കു മുമ്പ് തണുപ്പകറ്റാന്‍ തീ കാഞ്ഞുകൊണ്ടിരുന്ന ആദിവാസികളുടെ നേരെ ആന പാഞ്ഞടുത്തിരുന്നു. ആദിവാസികള്‍ ഓടിരക്ഷപ്പെട്ട് മേഖലയിലെ വനം ഓഫീസിലെത്തി വിവരം നല്‍കിയതിനെ തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും ആന വനത്തിനകത്തേക്ക് കയറിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam