വൈദ്യുതി വേലിയും കിടങ്ങുമെല്ലാം 'നിസ്സാരം'; വടക്കനാട് പ്രദേശത്ത് കാട്ടാനശല്യം തുടരുന്നു

By Web TeamFirst Published Mar 26, 2020, 12:19 PM IST
Highlights

വൈദ്യുതി വേലിയും കിടങ്ങുകളും നിര്‍മ്മിച്ചിട്ടും കാട്ടാനശല്യത്തില്‍ നിന്നും മുക്തരാകാതെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള വടക്കനാട് പ്രദേശവാസികള്‍. 

കൽപ്പറ്റ: വൈദ്യുതി വേലിയും കിടങ്ങുകളും നിര്‍മ്മിച്ചിട്ടും വയനാട് സുൽത്താൻ ബത്തേരിക്കടുത്തുള്ള വടക്കനാട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടാനശല്യം. കിടങ്ങ് പുതുക്കി പണിതാൽ പോലും രണ്ടാഴ്ച പോലും കഴിയുന്നതിന് മുമ്പ് ആനകൾ കൂട്ടമായെത്തി അരിക് ഇടിച്ച് നികത്തും. വൈദ്യുതി വേലി ആണെങ്കില്‍ വലിയ മരക്കമ്പുകൾ പൊട്ടിച്ചെറിഞ്ഞ് അതും തകർക്കും. ഇവിടെ വനംവകുപ്പും കർഷകരും ഒരുക്കിയ പ്രതിരോധങ്ങളെല്ലാം തകർത്ത് കാട്ടാനകൾ വീണ്ടും വടക്കനാട്ടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്.

 കഴിഞ്ഞ രാത്രിയിൽ പണയമ്പത്തിറങ്ങിയ കാട്ടാനകൾ വാഴത്തോട്ടം നശിപ്പിച്ചു. പണയമ്പം കല്യാടിക്കൽ ജിജോ ജോർജിന്റെയും പുത്തൻപുരയ്ക്കൽ ബിജുവിന്റെയും കൃഷിയിടത്തിലെ 230 വാഴകളാണ് ആന നശിപ്പിച്ചത്. വനാതിർത്തികളിൽ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലിയും കിടങ്ങുമെല്ലാം തകർത്താണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.

വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കുന്നതിനായി കർഷകർ സ്വന്തം ചെലവിൽ സ്ഥാപിച്ച വൈദ്യുതി വേലിയും ആനകൾ തകർത്തു. പണയമ്പം പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. രാത്രിയിൽ കൃഷിയിടത്തിലിറങ്ങുന്ന ആന രാവിലെ ആറു മണിയോടെയാണ് തിരികെ കാടുകയറുന്നതെന്ന് നാട്ടുകാർ പറയുന്നു. കരിപ്പൂർ ഭാഗത്തും കാട്ടാന ശല്യം രൂക്ഷമാണ്. കാടിറങ്ങിയെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയുമാണ്. കാട്ടാന ഭീതിമൂലം സന്ധ്യയായാൽ ഈ പ്രദേശങ്ങളിലാർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!