വയനാട്ടുകാരുടെ 'മണിയന്‍' ഓർമയായി; ചരിഞ്ഞത് മറ്റ് ആനകളുടെ കുത്തേറ്റ്

By Web TeamFirst Published Sep 7, 2019, 8:54 PM IST
Highlights

നാട്ടുകാർ നല്‍കുന്നതെല്ലാം വയറുനിറച്ച് കഴിച്ച് വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലം കഴിഞ്ഞ ദിവസംവരെ മണിയന്‍ തുടർന്നിരുന്നു. 

പുല്ലുമല: വയനാട്ടുകാരുടെ ഓമനയായിരുന്ന മണിയനാന ചരിഞ്ഞു. ബത്തേരി കുറിച്യാട് വനമേഖലയില്‍വച്ച് മറ്റ് കാട്ടാനകള്‍ മണിയനെ കുത്തിക്കൊല്ലുകയായിരുന്നു. വയനാട്ടില്‍ കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ശല്യക്കാരാകുമ്പോഴും മണിയന്‍ എല്ലാവരുടെയും ഓമനയായിരുന്നു. 

നേരം പുലരുമ്പോഴേക്കും കാടതിർത്തികളിലും നാട്ടിലുമെത്തി സ്നേഹം നിറച്ച് ചെവിയാട്ടിനില്‍ക്കുന്നതുകണ്ട് ആരോയിട്ട പേരാണ് മണിയന്‍. ആ പേരു ചൊല്ലിവിളിച്ച് ആർക്കും മണിയന്‍റെയടുത്തേക്ക് ധൈര്യത്തോടെ പോകാമായിരുന്നു. നാട്ടുകാർ നല്‍കുന്നതെല്ലാം വയറുനിറച്ച് കഴിച്ച് വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലം കഴിഞ്ഞ ദിവസംവരെ മണിയന്‍ തുടർന്നിരുന്നു. പുല്‍പ്പള്ളി ഇരുളവും, ബത്തേരിക്കടുത്ത് കൂടല്ലൂരും മണിയന്‍റെ വിഹാര കേന്ദ്രങ്ങളായിരുന്നു.

കുറിച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയില്‍വച്ച് കഴിഞ്ഞദിവസം രാത്രി കാട്ടാനകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. പോസ്റ്റ് മോർട്ടത്തിന് ശേഷം മണിയന്‍റെ മൃതദേഹം വനംവകുപ്പധികൃതർ കാട്ടില്‍തന്നെ സംസ്കരിക്കും.
 

click me!