അര്‍ദ്ധരാത്രിയില്‍ ആനക്കൂട്ടം വീട് വളഞ്ഞു; സുബ്രഹ്മണ്യനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Apr 18, 2020, 4:14 PM IST
Highlights

കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യം ആനക്കൂട്ടം അകത്തുകയറിയത്. മുക്കാല്‍ മണിക്കൂറോളം വീടിനകത്ത് തങ്ങിയ ശേഷം മടങ്ങിയ ആനകള്‍ വ്യാഴാഴ്ച വീണ്ടുമെത്തി വീടിന്റെ ശേഷിക്കുന്ന ഭാഗവും തകര്‍ത്തു...

കല്‍പ്പറ്റ: രാത്രി രണ്ട് മണിയോടെ വീടിന്റെ പിന്‍ഭാഗത്തെ ചുമരുകള്‍ ഇടിയുന്ന ശബദം കേട്ടാണ് സുബ്രഹ്മണ്യനും ഭാര്യയും ഉണര്‍ന്നത്. തെല്ല്് നേരത്തിന് ശേഷമാണ് ആനക്കൂട്ടമാണെന്ന് മനസിലായത്. പിന്നെ ശ്വാസമടക്കി പിടിച്ച് മക്കളെയും കൊച്ചുമക്കളെയും ചേര്‍ത്ത് പിടിച്ചിരുന്നു. ഗൂഢല്ലൂര്‍ തൊറപ്പള്ളിക്ക് സമീപം കുനില്‍വയല്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ സുബ്രഹ്മണ്യന്റെ വീട് തകര്‍ത്താണ് ആനക്കൂട്ടം പിന്തിരിഞ്ഞത്. 

ഇതിനിടെ അരിയടക്കമുള്ള സാധനങ്ങളെല്ലാം ആനക്കൂട്ടം അകത്താക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യം ആനക്കൂട്ടം അകത്തുകയറിയത്. മുക്കാല്‍ മണിക്കൂറോളം വീടിനകത്ത് തങ്ങിയ ശേഷം മടങ്ങിയ ആനകള്‍ വ്യാഴാഴ്ച വീണ്ടുമെത്തി വീടിന്റെ ശേഷിക്കുന്ന ഭാഗവും തകര്‍ത്തു.

ആസ്ബറ്റോസ് മേഞ്ഞവീടാണ് സുബ്രഹ്മണ്യന്റേത്. ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ വീടിന് പുറത്തിറങ്ങാനാവാതെ, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരണത്തെ മുഖാമുഖം കണ്ടു. ഉറക്കെ നിലവിളിക്കാന്‍പോലുമാവാതെ ഭയന്നുവിറച്ച് മുക്കാല്‍ മണിക്കൂറോളമാണ് കഴിയേണ്ടിവന്നതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. അവസാനം ഫോണില്‍ വിളിച്ച് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരെത്തി. 

അയല്‍ക്കാര്‍ ബഹളമുണ്ടാക്കിയെങ്കിലും മുറിയില്‍ സൂക്ഷിച്ചിരുന്ന അരി, പരിപ്പ്, പച്ചക്കറി തുടങ്ങിയ ഭക്ഷണസാധനങ്ങളെല്ലാം സാവകാശം അകത്താക്കിയാണ് ആനക്കൂട്ടം സ്ഥലംവിട്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വേനല്‍ക്കാലമായതിനാലും ചക്ക പോലെയുള്ള പഴങ്ങള്‍ തേടിയുമാണ് ആനക്കൂട്ടം ജനവാസപ്രദേശങ്ങളിലേക്കിറങ്ങുന്നത്.

click me!