പുണ്യവേലിനെ വിടാതെ കാട്ടാനകള്‍; പതിനാലാം തവണയും വ്യാപാര സ്ഥാപനം തകര്‍ത്തു

By Web TeamFirst Published Sep 21, 2021, 9:01 PM IST
Highlights

പലചരക്ക് കടയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന കാട്ടാനകള്‍ അകത്ത് സൂക്ഷിച്ചിരുന്ന കരിപ്പട്ടി, ഉപ്പ്, തേങ്ങാ, ശീതള പാനീയങ്ങള്‍ എന്നിവ വലിച്ച് പുറത്തിട്ട ശേഷം തിന്നുകയായിരുന്നു. 20000 രൂപയുടെ നഷ്ടമുണ്ടായതായി പുണ്യവേല്‍ പറഞ്ഞു.
 

ഇടുക്കി: വ്യാപാരിയുടെ സ്ഥാപനത്തെ വിടാതെ കാട്ടാനകള്‍. പതിനാലാം തവണയും വ്യാപാര സ്ഥാപനം തകര്‍ത്ത കാട്ടാനകള്‍ ഭക്ഷ്യവസ്തുക്കള്‍ തിന്നു നശിപ്പിച്ചു. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ പുണ്യവേലിന്റ (50) പലചരക്ക് കടയാണ് തിങ്കളാഴ്ച വെളുപ്പിന് ഒന്നരയ്ക്ക് കാട്ടാനകള്‍ തകര്‍ത്തത്. കുട്ടിയടക്കം നാല് ആനകളാണ് വെളുപ്പിനെത്തി കട തകര്‍ത്തത്. വീടിനോട് ചേര്‍ന്നാണ് റേഷന്‍ കടയും പലചരക്ക് കടയും പ്രവര്‍ത്തിക്കുന്നത്. വെളുപ്പിന് വീട്ടുമുറ്റത്തിരുന്ന ചെടിച്ചട്ടികള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് പുണ്യ വേലും ഭാര്യ ശാരദാദേവിയും അമ്മ പാല്‍ രാജായും ഉണര്‍ന്നത്.

പലചരക്ക് കടയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന കാട്ടാനകള്‍ അകത്ത് സൂക്ഷിച്ചിരുന്ന കരിപ്പട്ടി, ഉപ്പ്, തേങ്ങാ, ശീതള പാനീയങ്ങള്‍ എന്നിവ വലിച്ച് പുറത്തിട്ട ശേഷം തിന്നുകയായിരുന്നു. 20000 രൂപയുടെ നഷ്ടമുണ്ടായതായി പുണ്യവേല്‍ പറഞ്ഞു. ഇതിന് മുന്‍പ് മെയ് 30 നാണ് കാട്ടാനകാള്‍ കട അക്രമിച്ചത്. അന്ന് 80000 രൂപയുടെ നഷ്ടമുണ്ടായി. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയച്ചതിനെ തുടര്‍ന്ന് അവരെത്തി സന്ദര്‍ശിച്ചു മടങ്ങിയതല്ലാതെ യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് പുണ്യവേല്‍ പറഞ്ഞു. അടിക്കടിയുള്ള കാട്ടാന ആക്രമണം മൂലം സ്ഥാപനം നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഇയാള്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!