സമ്പത്തിന് ക്യാബിനറ്റ് പദവി: അഡ്വ. ജയശങ്കറിനെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യാമെന്ന് 'ട്രോളി' പി കെ ശ്രീമതി

By Web TeamFirst Published Aug 1, 2019, 1:39 PM IST
Highlights

ചില വലിയ ജോലികളിലേക്കൊക്കെ തന്നെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. പ്രത്യുപകാരമെന്ന നിലയിൽ വക്കീലിനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് പി കെ ശ്രീമതി

കണ്ണൂര്‍: എ സമ്പത്തിനെ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട പി കെ ശ്രീമതിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആയി നിയമിക്കണമെന്ന് അഡ്വക്കേറ്റ് എ ജയശങ്കറിന്‍റെ പരിഹാസത്തിന് മറുപടിയുമായി പി കെ ശ്രീമതി ടീച്ചര്‍. ചില വലിയ ജോലികളിലേക്കൊക്കെ തന്നെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. 

എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. പ്രത്യുപകാരമെന്ന നിലയിൽ വക്കീലിനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് പി കെ ശ്രീമതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും' കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. 

കോടതിയിൽ പണിയൊന്നുമില്ലാത്തത് കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്ന് ആളുകളെ പുച്ഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണാനാണ് ആഗ്രഹമെന്ന് പി കെ ശ്രീമതി പറഞ്ഞു. നെരുവമ്പറം യു. പി. സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യൽ ടീച്ചർ' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുതെന്നും പി കെ ശ്രീമതി കുറിച്ചു. 


പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം


പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു. 

കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ 'നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും' കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. 

നെരുവമ്പറം യുപി  സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ 'തയ്യൽ ടീച്ചർ' എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. 

സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സഖാവിൻ്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും ഈ നിനമനത്തിലൂടെ സാധിച്ചുവെന്നായിരുന്നു ജയശങ്കറിന്‍റെ പരിഹാസം

അഡ്വക്കേറ്റ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിൽ കേരളത്തിൻ്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം.

കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിൻ്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു.

ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും; അയൽ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകും.

കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിൻ്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിൻ്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം.

സഖാക്കളേ, മുന്നോട്ട്!

 

 

click me!