
ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) അറസ്റ്റിൽ. തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെജി സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീമാണ് ഇയാളെ അറസ്റ്റ് ചൊയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
രോഗബാധിതരെ കണ്ടെത്തി വീടിന്റേയും വാസ്തുവിന്റെ ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകൾ അറിയാതെ അവരുടെ വീട്ടു പറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിടും. പിന്നീട് ഇയാൾ തന്നെ തന്റെ ദിവ്യദൃഷ്ടിയിൽ ഇവ കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും.
ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കും കാരണമെന്നും ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർത്ഥനകൾ വേണമെന്നും പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് രംഗങ്ങൾ ഒരുക്കുന്നത്. പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകൾ പുറത്തെടുത്തു.
എന്നാൽ ഇവർ പോയശേഷം ഇവിടത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കഥ വെളിച്ചത്തായത്. റാഫിയുടെ സഹായി പോക്കറ്റിൽ നിന്ന് ഏലസുകൾ എടുത്ത് കുഴിയിലിട്ടു മൂടുന്നതു സിസിടിവിയിൽ വ്യക്തമായി. തുടര്‍ന്ന് പരാതി വന്നതോടെ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തിൽ പിടികൂടി. ചോദ്യം ചെയ്യലിൽ തൻ്റെ 'സിദ്ധി'കളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റd രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി.
പല സ്ഥലങ്ങളിലും സമാന രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി. കെ ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. സിഎം ക്ലീറ്റസ്, സുധാകരൻ സീനിയർ സി പി ഒ മാരായ എൻ എൽ. ജെബിൻ, കെ എസ് ഉമേഷ്, ഇഎസ് ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർ സെൽ സി പി ഒ സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam