
കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ഥാര്‍ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ സിറാജിന്റെ കാര്‍ അജിനാസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ ഇയാളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ യുവതിയും സംഘവും ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam