
തിരുവനന്തപുരം: കേശവദാസപുരത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ യുവതി പിടിയിലായി. പോങ്ങുമ്മൂട് പഴയ റോഡ് TC 6/2606 ദർശന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോനിഷ (28) ആണ് മെഡിക്കൽ കോളെജ് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് കേശവദാസപുരത്തുള്ള മെഡിക്കൽ ഷോപ്പിൽ മോഷണം നടന്നത്. കടയിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുൻ ജീവനക്കാരിയായിരുന്ന പ്രതി കുടുങ്ങിയത്. രാതിയിൽ ജീവനക്കാർ പോയതിന് പിന്നാലെയായിരുന്നു തലമുഴുവൻ മൂടിയ രീതിയിൽ ഒരാളെത്തി മോഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആളുടെ മുഖം വ്യക്തമായിരുന്നില്ല. പിന്നീട് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചും ജീവനക്കാരുടെ മൊഴിയെടുത്തുമാണ് മോനിഷയെ പിടികൂടിയത്. ഇവർ ഉള്ളൂർ ബ്രാഞ്ചിൽ നിന്ന് സാമ്പത്തിക തിരിമറി നടത്തിയ ശേഷം കേശവദാസപുരം ബ്രാഞ്ചിലേക്ക് മാറിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് അറസ്റ്റ് ഉണ്ടായത്. 1,85,800 രൂപയാണ് മോഷ്ടിച്ചത്. ഇതിൽ നിന്ന് 1,72,000 രൂപയും കൃത്യത്തിന് ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സൈബർസിറ്റി എസിപി എസ്.വൈ സുരേഷിന്റെ മേൽനോട്ടത്തിൽ സിഐ ഗിരിലാൽ, എസ്മാരായ വിപിൻ, യാസീൻ, തോമസ്, എഎസ്ഐ ജ്യോതി കുമാർ, സിപിഒമാരായ ഹരി, മനു, ബിനിത, ഷഹനാസ്, അരുൺ, ബൽറാം, സുജിത്ത്, റിയാസ്, എവലിൻ, അശ്വതി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam