പിഞ്ചുകുട്ടികളെ തീക്കൊളുത്തി അമ്മ ആത്മഹത്യ ചെയ്തത് സാന്പത്തിക മാനസിക ബുദ്ധിമുട്ടുകളാല്‍

By Web TeamFirst Published Sep 2, 2021, 7:23 AM IST
Highlights

പെട്ടന്നുള്ള ഭർത്താവിന്റെ മരണത്തിന്റെ ഇരുപത്തെട്ടാം ദിവസമാണ് പിഞ്ചുമക്കളെയും കൂട്ടി അങ്കമാലി തുറവൂർ സ്വദേശിയായ അഞ്ജു ആത്മഹത്യ ചെയ്തത്. 

എറണാകുളം: അങ്കമാലിയിൽ പിഞ്ചുകുട്ടികളെ തീക്കൊളുത്തി അമ്മ ആത്മഹത്യ ചെയ്തത് സാന്പത്തിക മാനസിക ബുദ്ധിമുട്ടുകളോർത്ത്. മൂന്നും ഏഴും വയസ്സുള്ള രണ്ട് മക്കളുമായി അമ്മ അഞ്ജുവാണ് ആത്മഹത്യ ചെയ്തത്. ഒന്നരമാസം മുൻപ് ഭർത്താവ് മരിച്ചതോടെ നിരാശയിലായിരുന്നു അഞ്ജുവെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.

പെട്ടന്നുള്ള ഭർത്താവിന്റെ മരണത്തിന്റെ ഇരുപത്തെട്ടാം ദിവസമാണ് പിഞ്ചുമക്കളെയും കൂട്ടി അങ്കമാലി തുറവൂർ സ്വദേശിയായ അഞ്ജു ആത്മഹത്യ ചെയ്തത്. മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളുണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ഏഴും,മൂന്നും വയസ്സുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഭർത്താവ് അനൂപിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാലത്ത് ജോലി ഇല്ലാതായതോടെ കുടുംബം സാന്പത്തിക പ്രശ്നത്തിലായിരുന്നു. ഒപ്പം അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വേർപാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയ്ക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു.

ഒന്നരമാസം മുൻപാണ് അഞ്ജുവിന്‍റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു പ്രായം മരിച്ച കുട്ടികളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!