തൃശൂര്‍ സ്നേഹതീരം ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോയ രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. പീച്ചി സ്വദേശികളായ ടി പി ബിബീഷ്, കെ ജി ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ഥികളെ മരണ മുഖത്തു നിന്നും രക്ഷിച്ചത്.

കോയമ്പത്തൂര്‍ സ്വദേശികളായ 11 പേരാണ് ഇന്ന് രാവിലെ ബീച്ചില്‍ എത്തിയത്. പി. എസ് ജി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണിവര്‍. ഇവരില്‍ എട്ടു പേര്‍ കടലില്‍ കുളിക്കാനിറങ്ങി. ഉച്ചയ്ക്ക് ഒന്നോടെ ദേവശങ്കര്‍, അക്ഷയ് എന്നിവര്‍ തിരയില്‍പ്പെട്ട് ഒഴുകി ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോയി.

ഉടനെ ലൈഫ് ഗാര്‍ഡുകളായ ബിബീഷും ഐസക്കും കടലിലേയ്ക്ക് ചാടി മരണമുഖത്തുനിന്നും ഇരുവരേയും രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. തുടര്‍ന്ന് സി പി ആര്‍ നല്‍കി.