
തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam