
കല്ലേറ്റുംകര: വെന്റിലേറ്റർ സൗകര്യം ലഭ്യമാകാത്തതിനാൽ 70 കാരിയായ കൊവിഡ് രോഗി മരിച്ചതായി കുടുംബത്തിന്റെ ആക്ഷേപം. തൃശ്ശൂർ കല്ലേറ്റുംകര സ്വദേശി ആനി ജോസ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാൽ രോഗിക്ക് വെന്റിലേറ്റർ സഹായം നൽകിയിരുന്നുവെന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രിയുടെ വിശദീകരണം
മൂന്ന് ദിവസത്തിലേറെയായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനി ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമാവുന്നതിനാൽ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി ആധികൃതർ ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്നു.
തൃശ്ശൂർ എറണാകുളം ജില്ലകളിലെ ആശുപത്രികളിലെല്ലാം പല തവണ ശ്രമിച്ചെങ്കിലും വെന്റിലേറ്റർ സൗകര്യം ലഭ്യമായില്ല. ബെഡ് ഒഴവില്ലെന്നാണ് മറുപടി ലഭിച്ചത്. ഒടുവിൽ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ സൗകര്യം ലഭ്യമായെങ്കിലും വളരെ വൈകിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഓക്സിജൻ അളവ് 70 ന് താഴെയായതിനാൽ കൊണ്ടുപോകാനായില്ല
അതേസമയം രോഗിക്ക് വെന്റിലേറ്റർ സഹായം നൽകിയിരുന്നുവെന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രിയുടെ വിശദീകരണം. രോഗികൾ നേരിട്ട് ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യം തേടരുതെന്നും ഡി.പി.എം.എസ്.യു വഴി ആണ് ഈ ക്രമീകരണങ്ങൾ നടത്തുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam