വൃക്ക പകുത്ത് നല്‍കി, ദുരിതമറിഞ്ഞപ്പോള്‍ കിടപ്പാടവുമൊരുക്കി; സുമയുടെ നന്മയ്ക്ക് മുമ്പില്‍ കണ്ണീരോടെ യുവതി

By Web TeamFirst Published Nov 27, 2019, 7:27 PM IST
Highlights

വൃക്ക രോഗിക്ക് വൃക്ക ദാനം ചെയ്യാന്‍ സ്വമേധയാ മുന്നോട്ട് വന്ന യുവതി ദുരിതമറിഞ്ഞപ്പോള്‍ അവര്‍ക്ക് കിടപ്പാടവും ഒരുക്കി. 

തിരുവനന്തപുരം: 'മക്കളെ കണ്ടുകൊണ്ടിരിക്കാന്‍ അവസരം തന്നതിന് നന്ദി. കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല'... സുമയുടെ മുഖത്തേയ്ക്ക് നോക്കി നിറകണ്ണുകളോടെ സുനിത പറഞ്ഞു. പത്താമത് ലോക അവയവദാന ദിനത്തോടനുബന്ധിച്ച് സുനിതയ്ക്ക് സ്വമേധയാ വൃക്ക ദാനം ചെയ്ത മണ്ണന്തല പ്രണവം ഗാര്‍ഡന്‍സ് തെക്കേപ്പറമ്പില്‍ വീട്ടില്‍ സുമ തോമസ് തരകനെ (56) അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ചുരുങ്ങിയ വാക്കുകളില്‍ സുനിത തന്‍റെ തീര്‍ത്താല്‍ തീരാത്ത കടപ്പാട് വ്യക്തമാക്കിയത്. 

രണ്ടു പിഞ്ചുമക്കള്‍ക്കൊപ്പം സുനിതയ്ക്ക് കൂട്ട് ദാരിദ്ര്യം മാത്രമായിരുന്നു. അതിനിടയിലാണ് വൃക്കരോഗവും അവർക്കൊപ്പമെത്തിയത്. ജീവിതം തന്നെ അവസാനിക്കാറായ ഘട്ടത്തില്‍ മാലാഖയെപ്പോലെ സുമ തോമസ് തരകന്‍ സുനിതയെ തേടിയെത്തിയെത്തുകയായിരുന്നു. യാതൊരു പ്രത്യുപകാരവും കാംക്ഷിക്കാതെ സുനിതയ്ക്ക് വൃക്ക നല്‍കാന്‍ സുമ സ്വമനസ്സാലെ എത്തിയതായിരുന്നു. അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ച. പാവപ്പെട്ട ഏതെങ്കിലുമൊരു രോഗിയ്ക്ക് വൃക്ക നല്‍കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആഗ്രഹവുമായി അക്ഷരാര്‍ത്ഥത്തില്‍ 'അലഞ്ഞു' നടക്കുകയായിരുന്നു സുമ. 

ഒടുവില്‍ സുമ എത്തിച്ചേര്‍ന്നത് വെമ്പായം ഒഴുകുപാറ അലനാട്ടുകോണം കുന്നുംപുറത്തുവീട്ടില്‍ സുനിത(33)യുടെ കുടിലിലേക്കാണ്. അവിടെയെത്തുമ്പോള്‍ തികച്ചും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്ന സുനിതയെയാണ് അവര്‍ കണ്ടത്. അപരിചിതത്വം മാറ്റിനിര്‍ത്തി സുമ സുനിതയുടെ വിശേഷങ്ങള്‍ ആരാഞ്ഞു. സംസാരത്തിനിടയില്‍ വൃക്ക നല്‍കാന്‍ തയ്യാറാണെന്നു സുമ പറഞ്ഞപ്പോള്‍ സ്വപ്ന തുല്യമായ ആ വാക്കുകള്‍ക്കായി അവശത അവഗണിച്ച് യുവതി ഒന്നുകൂടി കാതോര്‍ത്തു. ആവര്‍ത്തിച്ച് സുമ തന്‍റെ സഹായവാഗ്ദാനം ഉറപ്പിച്ചപ്പോള്‍ മാത്രമാണ് സുനിതയ്ക്ക് അല്പമെങ്കിലും വിശ്വാസമായത്.

ഇക്കഴിഞ്ഞ മേയ് 31ന് സുനിതയുടെ ശരീരത്തില്‍ സുമയുടെ വൃക്ക തുന്നിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തന്നെ ചരിത്രത്തില്‍ പൊന്‍തൂവലായി മാറിയ ഒരേടായിരുന്നു അത്. വൃക്ക ദാനം ചെയ്തതിനൊപ്പം സുനിതയുടെ വീട് നവീകരിച്ച് അവര്‍ക്ക് സ്വസ്ഥമായ കിടപ്പാടമൊരുക്കാനും സുമ തയ്യാറായി. നവംബര്‍ 27 ബുധനാഴ്ച പത്താം ലോക അവയവദാനദിനത്തോടനുബന്ധിച്ച് ഇരുകുടുംബങ്ങളുടെയും അവിസ്മരണീയ സമാഗമം നടന്നു. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാനസര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 

ദാരിദ്ര്യവും രോഗവും മൂലം ജീവിതം താറുമാറായ ഒരമ്മയുടെയും അവരുടെ രണ്ടുപിഞ്ചുകുഞ്ഞുങ്ങളുടെയും അത്താണിയാകാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥ സുമ തോമസ് തരകന്‍ പങ്കുവച്ചു. തന്‍റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയ കുടുംബാംഗങ്ങളെയും ആഗ്രഹ നിവൃത്തിയ്ക്ക് ഒപ്പം നിന്ന മെഡിക്കല്‍ കോളേജ് അധികൃതരെയും ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും അവര്‍ നന്ദി അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ ഡോ ശ്രീകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ ഓഫീസര്‍ ഡോ ശ്രീകല, നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോര്‍ജ്, യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാല്‍, യൂറോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ വാസുദേവന്‍ പോറ്റി എന്നിവര്‍ സംസാരിച്ചു. 

ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് സ്വാഗതവും മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് നന്ദിയും പറഞ്ഞു. അവയവദാനദിനാചരണത്തോടനുബന്ധിച്ച് നടന്ന ബൈക്ക് റാലി ജെ ഡി എം ഇ ഡോ ശ്രീകുമാരി, മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ഡോ നോബിള്‍ഗ്രേഷ്യസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി ഫ്ളാഗ് ഓഫ് ചെയ്തു. 


 

click me!