
കൊച്ചി: ആശുപത്രിയിലേക്ക് എത്താനുള്ള നിമിഷങ്ങൾക്ക് മുൻപ് കാറിനുള്ളിൽ പ്രസവം നടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും ജീവൻ സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷിച്ച് എറണാകുളം വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗം. ഇന്ന് രാവിലെ 8.45ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവ വേദനയോടെ ആശുപത്രിയിലേക്ക് യാത്ര ചെയ്ത കണ്ണൂർ സ്വദേശിനിയുടെയും ആൺ കുഞ്ഞിന്റെയും ജീവൻ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രക്ഷപ്പെടുത്തിയത്.
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോഴേക്കും കുഞ്ഞ് പുറത്ത് വരാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഉടൻ സ്ഥലത്തെത്തിയ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം അവസ്ഥ വിലയിരുത്തി. സ്ട്രെച്ചറടക്കമുള്ള സംവിധാനങ്ങളുമായി മറ്റ് ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ, കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ വോൾവോ കാറിൽ വെച്ച് തന്നെ ഡോക്ടറും സംഘവും സുരക്ഷിതമായി പ്രസവം നടത്തി.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി തലശ്ശേരിയിൽ നിന്ന് യുവതിയും ഭർത്താവും മാതാപിതാക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയിരുന്നു. ജനുവരി 22ന് ആയിരുന്നു യുവതിയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അരൂരിലെ ഒരു ആശുപത്രിയിൽ എത്തി പരിശോധനകളും തുടർനടപടികളും നടത്തിയിരുന്നു. വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെയാണ് കുടുംബം എറണാകുളം ലേക്‌ഷോറിലേക്ക് തിരിച്ചത്.
ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപേ തന്നെ കാറിനുള്ളിൽ വെച്ച് കുഞ്ഞ് പുറത്ത് വരികയായിരുന്നു. അമ്മക്കും കുഞ്ഞിനും പൂർണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് എല്ലാ നടപടികളും സ്വീകരിച്ചത്. തുടർന്ന് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശിനിയടക്കമുള്ളവർ സ്ഥലത്തെത്തി ആവശ്യമായ പരിചരണം നൽകി. ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ലേബർ റൂമിൽ പ്രസവാനന്തര പരിചരണത്തിലാണെന്നും കുഞ്ഞ് എൻഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam