നെടുങ്കണ്ടത്ത് വീണ്ടും ഭക്ഷ്യവിഷബാധ? വറുത്ത മീൻ കഴിച്ച് ദേഹാസ്വസ്ഥ്യം, വീട്ടമ്മ ചികിത്സതേടി

Published : Apr 22, 2022, 03:35 PM ISTUpdated : Apr 22, 2022, 03:43 PM IST
നെടുങ്കണ്ടത്ത് വീണ്ടും ഭക്ഷ്യവിഷബാധ? വറുത്ത മീൻ കഴിച്ച് ദേഹാസ്വസ്ഥ്യം, വീട്ടമ്മ ചികിത്സതേടി

Synopsis

പരവേശവും കണ്ണിന് മൂടല്‍ അനുഭവപ്പെടുകയും നടക്കുവാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെ വീട്ടമ്മ അയല്‍വാസികളെ വിവരം അറിയിച്ചു

നെടുങ്കണ്ടം: വറുത്ത മീൻ കഴിച്ച വീട്ടമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂക്കുപാലത്ത് കഴിഞ്ഞ ദിവസം മീന്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയും അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവ് ഇടുകുയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് തൂക്കുപാലം പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയില്‍ പുഷ്പവല്ലി(59)യെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചൊവ്വാഴ്ച വാഹനത്തില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയാളില്‍ നിന്ന് വാങ്ങിയ കേര മീന്‍ വറുത്ത് കഴിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പരവേശവും കണ്ണിന് മൂടല്‍ അനുഭവപ്പെടുകയും നടക്കുവാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെ വീട്ടമ്മ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ചൊവ്വാഴ്ച വാങ്ങിയ മീന്‍ വെട്ടി വൃത്തിയാക്കി അരപ്പ് ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച മീന്‍ പുറത്തെടുത്ത് നാല് കഷണം മീന്‍ വറുത്ത് ചോറിനൊപ്പം കഴിക്കുകയായിരുന്നെന്ന് പുഷ്പവല്ലി പറഞ്ഞു. ഈ സമയം വീട്ടില്‍ പുഷ്പവല്ലി ഒറ്റക്കാണ് ഉണ്ടായിരുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മീന്‍ പഴകിയതോ, മായം ചേര്‍ത്തതോ ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം പുഷ്പവല്ലി വ്യാഴാഴ്ച ആശുപത്രി വിട്ടു. 

സംഭവത്തില്‍ വിവരശേഖരം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും തൂക്കുപാലത്തെ മീന്‍കടകളില്‍ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇടപെട്ട ആരോഗ്യ മന്ത്രി പരിശോധനക്ക് ഭക്ഷ്യസുരക്ഷ കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരാതി ലഭിച്ച് പരിശോധന നടത്താന്‍ ഒരു ദിവസത്തിലേറെ വൈകിയതിനാല്‍ കാര്യമായ നിയമലംഘനങ്ങളോ മായം ചേര്‍ക്കലോ ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കണ്ടെത്താനായിരുന്നില്ല.

(ചിത്രം പ്രതീകാത്മകം)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്