
കോഴിക്കോട്: തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി - താമരശേരി റോഡിൽ എകരൂല്‍ അങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.
എകരൂല്‍ പാറക്കല്‍ കമലയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എകരൂല്‍ അങ്ങാടിയിൽ വെച്ച് റോഡിന്റെ ഇരുവശത്തേക്കും നോക്കിയ ശേഷമാണ് സീബ്രാ ലൈനില്‍ കൂടി കമല റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയത്. റോഡിന്റെ മദ്ധ്യ ഭാഗത്ത് എത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയും ഏതാനും ബൈക്കുകളും വന്നു. ഒരു വാഹനവും കാൽനട യാത്രക്കാരിയെ കണ്ട് വേഗത കുറയ്ക്കാനോ നിർത്താനോ തയ്യാറായില്ലെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒരു ബൈക്കും ഓട്ടോറിക്ഷയും കടന്നുപോയ ശേഷം ഓട്ടോറിക്ഷയുടെ മറുവശത്തുകൂടി വന്ന ബൈക്കാണ് കമലയെ റോഡിന്റെ മദ്ധ്യഭാഗത്തു വെച്ച് ഇടിച്ചിട്ടത്. കമല റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ നാട്ടുകാരും സമീപത്തെ കടകളിലുണ്ടായിരുന്നവരും ഓടിയെത്തി. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളും വാഹനം റോഡിന്റെ വശത്ത് നിർത്തിയ ശേഷം ഓടിയെത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടത്തില്‍ കമലയുടെ വാരിയെല്ലിനും, തലക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam