
ആലപ്പുഴ: അപകടത്തില്‍ പരിക്കേറ്റ വനിതാ കോണ്‍സ്റ്റബിള്‍ അര മണിക്കൂറിലേറെ റോഡില്‍ കിടന്നിട്ടും പൊലീസുകാര്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ഇന്നലെ രാത്രി ആലപ്പുഴ ഇടക്കൊച്ചി പാലത്തിന് സമീപം ബൈക്കിടിച്ച് റോഡില്‍ വീണ് രജനി എന്ന പൊലീസുകാരിക്കാണ് ദുരനുഭവം. മകനെ വിളിച്ചു വരുത്തി രജനി തിരികെ പോയ ശേഷമാണ് പൊലീസുകാര്‍ അന്വേഷിച്ചെത്തിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസറായ രജനി പൂച്ചാക്കലിലെ വിട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം. ഒരു ബൈക്ക് യാത്രക്കാരന്‍ ഇടക്കൊച്ചി പാലത്തിന് സമീപം രജനിയെ ഇടിച്ചു വീഴുത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ അപകടം നടന്നതിന് പിന്നാലെ വാഹനം നിര്‍ത്താതെ വിട്ടു. റോഡില് വീണ രജനിയെ നാട്ടുകാരാണ് ഓടിയെത്തി എഴുന്നേല്‍പ്പിച്ചിരുത്തിയത്. അപകടത്തില്‍ സ്കൂട്ടറിന് കാര്യമായ തകരാര്‍ പറ്റിയിരുന്നു. വീണതിന്‍റെ ആഘാതത്തില്‍ രജനിക്ക് യാത്ര ചെയ്യാന് കഴിയുന്ന അവസ്ഥയായിരുന്നില്ല.
രജനി തന്നെ പൂച്ചാക്കല്‍ സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ചു അപകടം സംഭവിച്ച വിവരം അറിയിച്ചു. പൊലീസുകാരിയെന്ന് മനസ്സിലായതോടെ നാട്ടുകാരും തൊട്ടുടുത്ത അരൂര്‍ സ്റ്റേഷനിലും വിവരം വിളിച്ചറിയിച്ചു. എന്നാല്‍ സ്റ്റേഷനില്‍ ജീപ്പുകള്‍ ഒന്നും ഇല്ലെന്നായിരുന്നു മറുപടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ആരും എത്താതിനെ തുടര്‍ന്ന് രജനി തേവരയിലുള്ള മകനെ വിളിച്ചു വരുത്തി. അപകടം നടന്ന് അരമണിക്കൂറിന് ശേഷം മകനെത്തിയാണ് രജനിയെ കൊണ്ടു പോകുന്നത്.
രജനിയെയും കൊണ്ട് മകന്‍ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് അരൂര് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ബൈക്കില്‍ എത്തിയത്. അപകടവിവരം അറിഞ്ഞിട്ടും പൊലീസുകാര്‍ പ്രതികരിക്കാന് വൈകിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് അരൂര്‍ സിഐ പറഞ്ഞു. അതേസമയം ബൈക്കില്‍ നിന്നും തെറിച്ച് വീണ ആഘാതത്തില്‍ ചുമലിന് ചതവേറ്റ രജനി ആശുപത്രിയില്‍ ചികിത്സ തേടി.
Read More : 'ബില്ല് അടച്ചിട്ടും ഫ്യൂസ് ഊരി'; കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി തല്ലി, അഞ്ച് പേർ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam