
തിരുവനന്തപുരം: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ വയോധികയുടെ വളയുമായി മുങ്ങി. കുടപ്പനമൂട് ശാലോം ഹൗസില്‍ ലളിതയുടെ (84) കൈയില്‍ കിടന്ന വളയാണ് ബലമായി ഊരിയെടുത്ത് കടന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ലളിത മകന്‍ മണിയനൊപ്പം കുടപ്പനമൂട്ടിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. മകന്‍ പുറത്തുപോയ തക്കത്തിന് മുകളില്‍ വാടകക്ക് താമസിക്കുന്നവരുടെ മരുമകളാണെന്നും കുടിവെള്ളം വേണമെന്നും ടോയ്‍ലറ്റിൽ പോകണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീയെത്തി. വെള്ളം കുടിച്ച് ടോയ്‌ലറ്റിൽ പോയ ശേഷമാണ് പോകുന്നു എന്ന് പറഞ്ഞ് ലളിതയുടെ കൈയില്‍ കിടന്ന വള ബലമായി ഊരിയെടുത്തത്. ഒരു പവൻ തൂക്കം വരുന്ന വളയാണ് തട്ടിയെടുത്തത്.
പിടിവലിക്കിടെ വയോധിക താഴെവീണു. ഈ സമയത്ത് സ്ത്രീ വളയുമായി കടന്നു. വെള്ളറട പൊലീസെത്തി വയോധികയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്ത്രീയാണോ അതോ സ്ത്രീയുടെ വേഷത്തിലെത്തിയ ആരെങ്കിലുമാണോ മോഷണം നടത്തിയതെന്ന് നിലവിൽ വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam