
തിരുവനന്തപുരം: കൊള്ളപലിശയ്ക്ക് പണം നൽകും, തവണ മുടങ്ങുമ്പോൾ ഭീഷണി. പണം വായ്പ നൽകി പലിശയായി ലക്ഷങ്ങളും കാറുകളും തട്ടിയെടുത്ത കേസിൽ മരുതംകുഴി സ്വദേശിയായ യുവതിയും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. പിടിയിലായത് കൊള്ളപ്പലിശയ്ക്ക് പണം വായ്പയായി നൽകി ആളുകളിൽ നിന്നും വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘം. ശാസ്തമംഗലം വില്ലേജിൽ മരുതംകുഴി ജി കെ ടവർ സി 1 അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസം പത്മകുമാരി മകൾ അശ്വതി (36) ടിയാളോടൊപ്പം താമസിച്ചുവരുന്ന സുഹൃത്ത് ശാസ്തമംഗലം വില്ലേജിൽ മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ സെൽവരാജ് മകൻ കണ്ണൻ എന്നുവിളിക്കുന്ന ജയകുമാർ (40) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇവരെ ശ്രീകാര്യം പൊലീസ് പിടികൂടിയത്. ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക് ആറുലക്ഷം രൂപ നൽകിയ പ്രതികൾ കൊള്ളപലിശയാണ് മടക്കി വാങ്ങിയത്. യുവതിയിൽ നിന്ന് പലിശയിനത്തിൽ മാത്രം മുപ്പത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ഇന്നോവ, ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാനാകാതെ വന്നപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.പലിശയിനത്തിൽ വൻതുകകൾ കൈപ്പറ്റിയശേഷം പലിശ മുടങ്ങുന്നപക്ഷം കാർ വസ്തുക്കൾ തുടങ്ങിയ മുതലുകൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വൻതുകകളാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്.
പ്രതികളിൽ നിന്നും നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു. പൊലീസിന്റെ അന്വേഷണത്തിൽ തിരുവനന്തപുരം മരുതംകുഴി കേന്ദ്രീകരിച്ച് ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ട് വാങ്ങി വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സംഘത്തിലെ പ്രമുഖകണ്ണികളാണ് അറസ്റ്റിലായ അശ്വതിയും ജയകുമാറുമെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ കൂട്ടുപ്രതിയായ ബാബു എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ക്രസമാധാനം) അജിത് വി എസ്സിന് യുവതി നേരിട്ട് നൽകിയ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് ഡി സി പി യുടെ പ്രത്യേക മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനായി ശ്രീകാര്യം പൊലീസിനെ നിർദ്ദേശം നല്‍കുകയായിരുന്നു.
കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരി സി എസ്സിന്റെ നേതൃത്വത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പൊലീസ് ബിനിഷ് ലാൽ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശശികുമാർ, പ്രശാന്ത് എം, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, ബിനു, റെനീഷ്, ജാസ്മിൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam