
പാലക്കാട്: പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 8300 രൂപയാണ് വിജിലൻസ് പിടികൂടിയത്. 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലുമായിരുന്നു പണം ഒളിപ്പിച്ചത്. എന്നാല്‍, ആരില്‍ നിന്നും നേരിട്ട് പണം വാങ്ങുന്നത് പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഈ സമയമത്ത് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും ഇയാള്‍ക്കെതിരെ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം, ആലപ്പുഴ ചേർത്തലയിൽ കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടിയിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ഇന്നലെ സസ്പെൻസ് ചെയ്തിരുന്നു. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷിനെയാണ് സസ്പെൻസ് ചെയ്തത്. അമ്പലമ്പുഴ ആർടിഒ എൻഫോഴ്സ്മെന്‍റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് എസ് സതീഷ്.