
ദേവികുളം : ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ ശക്തമായ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞയാഴ്ച മൂന്നാർ ഗ്യാപ് റോഡിൽ യാത്രയ്ക്കിടയിൽ യാത്രികർ അഭ്യാസപ്രകടനം നടത്തിയ കാറിന്‍റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും അപകടകരമായ രീതിയിൽ കാറോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുമാണ് തീരുമാനം. ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ യുടെതാണ് നടപടി.
അപകടകരമായി വാഹനം ഓടിച്ച വ്യക്തിയോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും ഇയാൾ എത്തിയില്ല. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ശാന്തൻപാറ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഹാജരായില്ല
കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഡോറിൽ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാരുതി സെൻ കാറിൽ ഒരു പെൺകുട്ടിയും യുവാവും ചേർന്നായിരുന്നു അഭ്യാസ പ്രകടനം.
വീതി കൂടിയ പാതയിൽ മറ്റു വാഹനങ്ങളെ കണക്കിലെടുക്കാതെ ഇടം വലം വീശിയെടുത്ത് അത്യന്തം അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യം നടുക്കമുളവാക്കുന്നതായിരുന്നു വീഡിയോ. ഇത് തുടർന്ന് ദേവികുളം സബ് ആർടിഒ കാറുടമയോട് ഓഫീസിലെത്താൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും കാറുടമ ഹാജരായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം