
തിരുവനന്തപുരം: എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. 2013ലെ നിയമം അനുസരിച്ചുള്ള പരാതി പരിഹാര സംവിധാനം പല സ്ഥാപനങ്ങളിലും നിലവില്‍ വന്നിട്ടില്ലെന്ന് കമ്മീഷന് ലഭിക്കുന്ന പരാതികള്‍ വ്യക്തമാക്കുന്നു. പരാതികള്‍ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം ഓരോ സ്ഥാപനങ്ങളിലുണ്ടാകണം. സ്വകാര്യ തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത സ്ത്രീകളെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിട്ടു എന്ന പരാതിയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ചെന്ന് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ആനുകൂല്യം നല്‍കാതെ ചില അധ്യാപകരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. അവര്‍ക്ക് ഉള്‍പ്പെടെ ആനുകൂല്യം ലഭ്യമാക്കാന്‍ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ പരാതി പരിഹാര സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് തന്നെ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോള്‍ പാലിക്കപ്പെടുന്നുണ്ട്. ടിവി സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇതിലും കമ്മീഷന്‍ ഇടപെടുന്നുണ്ട്. സീരിയല്‍ താരങ്ങളും സ്ത്രീ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ബാധകമാകുന്ന വിധത്തില്‍ പരാതി പരിഹാര സംവിധാനം ആരംഭിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷനു ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളില്‍ ഇരകളില്‍ കൂടുതലും സ്ത്രീകളും പെണ്‍കുട്ടികളും ആണെന്നും അതുകൊണ്ട് മാധ്യമ മേഖലയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
രണ്ടു ദിവസമായി എറണാകുളം ജില്ലയില്‍ നടന്ന സിറ്റിങ്ങില്‍ 13 കേസുകള്‍ തീര്‍പ്പാക്കി. ഏഴു കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. അഞ്ച് എണ്ണം കൗണ്‍സലിംഗിനായി മാറ്റി. 33 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി. രണ്ടാം ദിനമായ വ്യാഴാഴ്ച 50 പരാതികളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ എത്തിയതെന്നും കമ്മീഷന്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam