മരം വീണാൽ കിടപ്പാടം ഇല്ലാതാകും; മുട്ടാനിനി വാതിലുകളില്ല, അനക്കമില്ലാതെ അധികൃതർ

By Web TeamFirst Published Jul 9, 2020, 5:52 PM IST
Highlights

അയൽവാസിയുടെ പുരയിടത്തിൽ നിൽക്കുന്ന ഈട്ടിമരം വീട്ടിലേക്ക് വീഴുമെന്ന ആശങ്കയിൽ കഴിയുകയാണ് വയനാട് വാഴവറ്റ കരിങ്കണ്ണികുന്നിലെ  ചരുവിള ഉഷയുടെ കുടുംബം

കൽപ്പറ്റ: അയൽവാസിയുടെ പുരയിടത്തിൽ നിൽക്കുന്ന ഈട്ടിമരം വീട്ടിലേക്ക് വീഴുമെന്ന ആശങ്കയിൽ കഴിയുകയാണ് വയനാട് വാഴവറ്റ കരിങ്കണ്ണികുന്നിലെ ചരുവിള ഉഷയുടെ കുടുംബം. മരം മുറിച്ച് മാറ്റാനുള്ള അനുമതിക്കായി വിവിധ സർക്കാർ ഓഫീസുകൾ തോറും കയറിയിറങ്ങിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ല.

വീടിന് ഭീഷണിയായി നിൽക്കുന്ന ഈട്ടി മരം മുറിച്ചുമാറ്റാൻ വർഷങ്ങളായി സർക്കാർ ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ് ഈ വീട്ടമ്മ. മഴക്കാലത്ത് ആഞ്ഞൊരു കാറ്റടിച്ചാൽ ഉഷയുടെ നെഞ്ചിൽ ആശങ്കയാണ് വൻമരം നിലംപൊത്തിയാൽ കിടപ്പാടം ഇല്ലാതാകും. 

പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോൾ വില്ലേജിൽ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് തഹസിൽദാ‍ർ,  പിന്നീട് ജില്ലാ കലക്ടർ ഇനി അപേക്ഷ നൽകാൻ മുതർന്ന ഉദ്യോഗസ്ഥർ ആരും ബാക്കിയില്ല. മരം മുറിച്ച് മാറ്റൽ മാത്രം നടന്നില്ല. 

മരം നിൽകുന്ന സ്ഥലത്തിന്‍റെ ഉടമക്കും മുറിച്ച് മാറ്റുന്നതിൽ എതിർപ്പില്ല. അനുമതിയാണ് പ്രശ്നം. ഈ മഴക്കാലത്ത് കിടപ്പാടവും ജീവനം സംരക്ഷിക്കാൻ മരം ഭാഗികമായി എങ്കിലും മുറിച്ച് മാറ്റാൻ അധികൃതർ തയ്യാറാകണമെന്നാണ് ഇവരുടെ അപേക്ഷ.

click me!