വനിതാ സംരംഭകർക്ക് കരുത്തേകാൻ വ്യവസായ വകുപ്പ്, 'വനിതാ സംരംഭക കോൺക്ലേവ് 2025' തൃശൂരിൽ മെഗാ സംഗമം; ലോഗോ പ്രകാശനം ചെയ്ത് മന്ത്രി

Published : Sep 27, 2025, 12:22 AM IST
Women Entrepreneurship Conclave 2025

Synopsis

ലോകബാങ്കിന്റെ റാംപ് പദ്ധതിയുടെ ഭാഗമായ ഈ കോൺക്ലേവ് ഒക്ടോബർ 13 ന് നടക്കും. വനിതാ സംരംഭകർക്ക് സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ് എന്നിവയിൽ പരിശീലനം നൽകാനും വിദഗ്ദ്ധരുമായി സംവദിക്കാനും അവസരം ലഭിക്കും

തൃശൂർ: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന 'കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025' ന്‍റെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 13 ന് തൃശൂരിൽ വെച്ചാണ് 'വനിതാ സംരംഭക കോൺക്ലേവ് 2025' നടക്കുക. സംസ്ഥാനത്ത് 'സംരംഭക വർഷം' പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എം എസ് എം ഇ) സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പുവരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം വനിതാ സംരംഭകർ 'വനിതാ സംരംഭക കോൺക്ലേവ് 2025' ൽ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP - Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ എം എസ് എം ഇകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോഗോ പ്രകാശന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണു രാജ് ഐ എ എസ്, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ ഐ ആർ ടി എസ് എന്നിവർ പങ്കെടുത്തു.

പ്രധാന ആകർഷണങ്ങൾ

സെമിനാറുകൾ : സംരംഭങ്ങൾക്ക് അടുത്ത വളർച്ച നേടുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിത ബുദ്ധി (AI) എന്നിവയുടെ ഉപയോഗം സംബന്ധിച്ച സെമിനാറുകൾ ഉണ്ടാകും.

സംവാദ അവസരം : വ്യവസായ മേഖലയിലെ വിദഗ്ദ്ധരുമായും വിജയിച്ച വനിതാ സംരംഭകരുമായും നേരിട്ട് സംവദിക്കാൻ സാധിക്കും.

ഏകജാലക സംവിധാനം : ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനം ഇവിടെ സജ്ജമാക്കും.

സംരംഭങ്ങൾ തുടങ്ങാനും വികസിപ്പിക്കാനും വലിയ അവസരമെന്ന് മന്ത്രി

പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണെന്ന് ലോഗോ പ്രകാശന ചടങ്ങിൽ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് പറഞ്ഞു. വനിതാ സംരംഭകർക്ക് പുതിയ ആശയങ്ങൾ നൽകാനും, അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും, സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച നേടാനും ഈ സംഗമം സഹായിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണു രാജ് ഐ എ എസ് അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി