ലിഫ്റ്റിൽ തലകുടുങ്ങി സതീഷിന്റെ മരണം ദാരുണം; എങ്ങനെയെന്നറിയാതെ സഹപ്രവർത്തകരും അധികൃതരും

Published : May 10, 2022, 10:11 PM IST
ലിഫ്റ്റിൽ തലകുടുങ്ങി സതീഷിന്റെ മരണം ദാരുണം; എങ്ങനെയെന്നറിയാതെ സഹപ്രവർത്തകരും അധികൃതരും

Synopsis

സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ കസ്റ്റമേഴ്സ് കൂടിപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. ഏറെ നേരമായിട്ടും സതീഷിനെ കാണാതിരുന്നതിനെ അന്വേഷിച്ചെത്തിയ മറ്റൊരു  ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്.

തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തിരുവനന്തപുരം അമ്പലമുക്ക് ജംങ്ഷനിലുള്ള എസ്‍കെപി സാനിറ്ററി ഷോറൂമിൽ അതന്ത്യം ദാരുണമായ അപകടമുണ്ടായത്. ഷോറൂമിലെ ജീവനക്കാരനായ നേമം സ്വദേശി സതീഷ് ലിഫ്റ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു. മൂന്നാം നിലയിൽ കാർഗോ ലിഫ്റ്റിലാണ് അപകടമുണ്ടായത്.

സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ കസ്റ്റമേഴ്സ് കൂടിപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. ഏറെ നേരമായിട്ടും സതീഷിനെ കാണാതിരുന്നതിനെ അന്വേഷിച്ചെത്തിയ മറ്റൊരു  ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്.  ജീവനക്കാരി നിലവിളിച്ചതോടെ മറ്റുള്ളവരും ഓടിയെത്തി.  ജീവനക്കാർക്ക് പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു സതീശിന്റെ തല കുടുങ്ങിക്കിടന്നത്.  ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്.   പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് കടയിലെ ജീവനക്കാരനായ അനൂപ് പറയുന്നു. കഴുത്ത് ചതഞ്ഞ് അരഞ്ഞ നിലയിലായിരുന്നു. പേരൂർക്കട ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. വർഷങ്ങളായി ഒപ്പം ജോലി ചെയ്തിരുന്നയാൾ കാർഗോ ലിഫ്റ്റിലുണ്ടായ അപകടത്തിൽ മരിച്ചത് ജീവനക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 40 വർഷത്തോളമായി പ്രവർത്തിക്കുന്ന കടയിൽ കഴിഞ്ഞ പതിനെട്ട് വർഷമായി സതീഷ് ജീവനക്കാരനാണ്.  ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ സതീഷിനെ ഭാരപ്പെട്ട ജോലികളൊന്നും ഏൽപ്പിച്ചിരുന്നില്ല.  ലിഫ്റ്റിലൂടെയുള്ള ചരക്ക് നീക്കായിരുന്നു പ്രധാന ജോലി. സാധാരണ ഒറ്റയ്ക്ക് ഇത് ചെയ്യാറുമില്ല.

എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച്  ഇനിയും വ്യക്തതയായിട്ടില്ല. കാർഗോ ലിഫ്റ്റിന് തകരാറില്ലെന്നാണ് കടയിലെ മറ്റ് ജീവനക്കാർ പറയുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടതുമില്ല. ചരക്ക് നീക്കത്തിനിടെ  ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക് നോക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് സംശയം. ഓപ്പൺ ലിഫ്റ്റിലെ ഇരുമ്പ് ഫ്രെയിമുകൾ മറച്ചിട്ടില്ലായിരുന്നുവെന്നതും അപകടത്തിന് കാരണമായി.

പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.   സതീഷിന് ഭാര്യയും ഒരു മകളും ഉണ്ട്.  പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി