
കാസർകോട്: തേങ്ങയിടാൻ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് 60 അടി ഉയരത്തിൽ കയറിയ തൊഴിലാളി, യന്ത്രം തകരാറിലായതിനെത്തുടർന്ന് കുടുങ്ങി. കാസർകോട് മാങ്ങാട്, കൂളിക്കുന്ന് എന്ന സ്ഥലത്താണ് സംഭവം. അരമണിക്കൂറോളം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന എത്തി സുരക്ഷിതമായി താഴെയിറക്കി. കൂളിക്കുന്നിലെ രാജു എജെ(60) എന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 11 മണിയോടെ കൂളിക്കുന്നിലെ ഫൗസിയ ഉസ്മാൻ എന്നിവരുടെ വീട്ടുപറമ്പിൽ തേങ്ങയിടാൻ എത്തിയതായിരുന്നു രാജു. തേങ്ങയിട്ട ശേഷം തെങ്ങോല മുറിച്ചിടുന്നതിനിടെ, മുറിച്ച ഓലമടൽ തെങ്ങ് കയറ്റ മെഷീനിൽ തട്ടി യന്ത്രം ലോക്കായി പോവുകയായിരുന്നു. ഇറങ്ങാൻ സാധിക്കാതെ വന്നതോടെ രാജു അരമണിക്കൂറോളം തെങ്ങിന് മുകളിൽ പിടിച്ചുനിന്നു. നാട്ടുകാർക്ക് താഴെയിറക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെയും നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. സേനയുടെ ലാഡർ ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാൽ തെങ്ങിൽ കയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കി. 25 വർഷമായി സമീപപ്രദേശങ്ങളിൽ തേങ്ങ പറിക്കുന്ന തൊഴിലാളിയാണ് രാജു.
ബാക്കിയുണ്ടായിരുന്ന എല്ലാ തെങ്ങുകളിലെയും തേങ്ങ പറിച്ച ശേഷം അവസാനത്തെ തെങ്ങിൽ കയറുമ്പോഴാണ് യന്ത്രത്തകരാറുണ്ടായത്. ഒ.കെ. പ്രജിത്ത്, എസ്. അരുൺകുമാർ, ജിതിൻ കൃഷ്ണൻ, പി.സി. മുഹമ്മദ് സിറാജുദ്ദീൻ, വി.എസ്. ഗോകുൽ കൃഷ്ണൻ, അതുൽ രവി, ഫയർ വുമൺ ഒ.കെ. അനുശ്രീ, ഹോം ഗാർഡുമാരായ എൻ.പി. രാകേഷ്, കെ.വി. ശ്രീജിത്ത്, എസ്. സോബിൻ എന്നിവരും രക്ഷാപ്രവർത്തന സംഘത്തിൽ പങ്കെടുത്തു.