സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റു; ഒരാള്‍ പിടിയില്‍

By Web TeamFirst Published Oct 27, 2019, 4:08 PM IST
Highlights

പത്തനംതിട്ടയില്‍ 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പത്തനംതിട്ട: സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. പന്തളത്ത് ഇയാളുടെ ഗോഡൗണില്‍ നിന്നും ഇരുപത് ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പന്തളം മുടിയൂർ കോണത്ത് നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയത്. പന്ത്രണ്ട് ചാക്കുകളിലായാണ് നാല്‍പതിനായരം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. വാടകക്ക് വീട് എടുത്തതിന് ശേഷം സ്കൂളുകള്‍ക്ക് സമീപമുള്ള കടകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ വില്‍പ്പന. ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് ലോറികളിലാണ് ഇത് കേരളത്തില്‍ എത്തിക്കുക. കേരളത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തവ്യാപാരിയാണ് പൊലീസ് പിടികൂടിയ പന്തളം പെരിങ്ങര സ്വദേശി രാജൻ ഇത് രണ്ടാം തവണയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കുറ്റത്തിന് പൊലീസ് ഇയാളെ പിടികൂടുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ രാജന്‍റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. പന്തളം അടൂർ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എത്തിക്കുന്ന ഇതര സംസ്ഥാന ഏജന്‍റ്മാരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിടുണ്ട്.

click me!