
ഇടുക്കി: വനംവകുപ്പിന്റെ നിഗമനം തെറ്റാണെന്ന് തെളിയിച്ച് നാട്ടുകാർ. വാത്തിക്കുടി പഞ്ചായത്തിലെ കൊന്നയ്ക്കാമാലിയിലും മൂന്നാം ബ്ലോക്കിലും ഇന്നലെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വാത്തിക്കുടിയിൽ ഇറങ്ങിയ പുലി ഇരട്ടയാർ ഇടിഞ്ഞമലയിലേക്കു പോയെന്ന വനം വകുപ്പിന്റെ നിഗമനം അപ്പാടെ തെറ്റിക്കുന്നതാണു പുതിയ കണ്ടെത്തലുകൾ. ഇതോടെ പ്രദേശത്തെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ജോസ് പുരത്ത് ചെളി മണ്ണിൽ പതിഞ്ഞ പുലിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 10നു കൊന്നയ്ക്കമാലിയിൽ പൊറ്റേടം ഗോപിയുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയാണ് ആദ്യം പുലിയെ കണ്ടത്. ഇയാൾ ബഹളം വച്ച് ആളെ കൂട്ടിയപ്പോൾ പുലി അവിടെ നിന്നു മറഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനു മൂന്നാം ബ്ലോക്കിൽ നാട്ടുകാരൻ പുലിയെ കണ്ടു. വളർത്തുനായ നിർത്താതെ കുറയ്ക്കുന്നതു കേട്ടു പുരയിടത്തിലേക്ക് ഇറങ്ങിയ ചെറയ്ക ലാത്ത് പ്രസാദ് പുലിയെ കണ്ട് പേടിച്ചുമാറി. ദേഹത്തു പുള്ളികളുള്ള പുലിയെയാണു കണ്ടതെന്നു പ്രസാദ് പറയുന്നു.
പുലിയെ പിടിക്കാൻ ക്യാമറ ട്രാപ്പ്, ഇടുക്കി മാലിക്കിത്തിൽ വനംവകുപ്പ് നടപടി തുടങ്ങി
ഇവിടെ നിന്നാണ് ഏതാനും ദിവസം മുൻപ് ആടിനെ കൂട്ടിൽ നിന്നും പുലി പിടികൂടിയത്. ഇന്നലെ പുലർച്ചെ ജോസ്പുരത്ത് കുടിയിരി ജോയിയുടെ പുരയിടത്തിൽ നിന്നും പുലിയുടെ വ്യക്തമായ കാൽപാടുകൾ കണ്ടെത്തിയിരുന്നു. കാൽപാടുകൾ പരിശോധിക്കുന്നതിനു ഡിഎഫ്ഒ സന്ദീപ്, അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ എസ്.കണ്ണൻ, വെറ്ററിനറി സർജൻ അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയിരുന്നു. പുലിയുടെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നതിനും സഞ്ചാരപഥം വ്യക്തമാകുന്നതിനും കൂടുതൽ ക്യാമറകൾ പ്രദേശത്തു സ്ഥാപിക്കുമെന്നും സംഘം പറഞ്ഞു. ഇതിന്റെ ഭാഗമായി കൂടുതൽ ക്യാമറകൾ ഇന്നുതന്നെ എത്തിക്കാനാണു പദ്ധതി.