ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് അവസാനം; പ്രതിഷേധങ്ങള്‍ ബാക്കിയാക്കി യഹിയ യാത്രയായി

By Web TeamFirst Published Sep 13, 2021, 9:49 AM IST
Highlights

കടക്ക് സമീപത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യത്തിന് എതിരെ ആയിരുന്നു ആദ്യപ്രതിഷേധം. മടക്കികുത്തിയ മുണ്ട് അഴിച്ചിടാത്തതില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവിതാവസാനം വരെ  നൈറ്റി വേഷം ധരിച്ചു.
 

കൊല്ലം: പൊലീസുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ജീവിതം പ്രതിഷേധമാക്കി മാറ്റിയ കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു. മരണം വരെയും മാക്‌സി ധരിച്ചായിരുന്നു പ്രവാസി മലയാളി കൂടിയായിരുന്ന യഹിയയുടെ പ്രതിഷേധം. വാര്‍ധക്യ സഹജമായ അസുഖത്തെതുടചര്‍ന്നായിരുന്നു മരണം. ഭാര്യ മരിച്ചതോടെ യഹിയ ഒറ്റയ്ക്കായിരുന്നു താമസം. മുക്കുന്നത് പൊലീസുകാരന്റെ വീട്ടിലെ പോര്‍ച്ചിലായിരുന്നു ഏറെക്കാലം താമസം. വീട്ടില്‍ ഇടം നല്‍കിയിട്ടും ചായ്പ് വിടാന്‍ അദ്ദേഹം തയ്യാറായില്ല. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് താമസം മാറി. 

പ്രവാസം ജീവിതം കഴിഞ്ഞ്  മടങ്ങിയെത്തി കടയ്ക്കലില്‍ തട്ടുകട നടത്തിയിരുന്ന  യഹിയയുടെ പ്രതിഷേധങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.  കടക്ക് സമീപത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യത്തിന് എതിരെ ആയിരുന്നു ആദ്യപ്രതിഷേധം. മടക്കികുത്തിയ മുണ്ട്  അഴിച്ചിടാത്തതില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവിതാവസാനം വരെ  നൈറ്റി വേഷം ധരിച്ചു. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് എതിരെയും യഹിയ പ്രതിഷേധിച്ചു. തലയിലെ ഒരുഭാഗത്തെ മുടിമുറിച്ചായിരുന്നു പ്രതിഷേധം. നോട്ട് മാറാതെ തിരിച്ചെത്തി 23,000 രൂപ കത്തിച്ചു. യഹിയയുടെ തട്ടകടയിലെ വിഭവങ്ങളും  ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭക്ഷണം ബാക്കി വെക്കരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു യഹിയക്ക്. ഭക്ഷണം ബാക്കിവെച്ചാല്‍ പിഴ ഈടാക്കും. ചിക്കന്‍ കറിയും പൊറോട്ടയും കഴിക്കുന്നവര്‍ക്ക് ദോശയും ചിക്കന്‍ ഫ്രൈയും സൗജന്യം. എത്ര സമയം വേണമെങ്കിലും അദ്ദേഹത്തിന്റെ കടയില്‍ സൊറ പറഞ്ഞിരിക്കാം. നോട്ട് നിരോധനത്തില്‍ യഹിയയുടെ പ്രതിഷേധത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!